Friday, May 3, 2024
spot_img

ഈ വഞ്ചനയോട് കാലം പൊറുക്കില്ല; നേമത്ത് കുമ്മനം രാജശേഖരന്റെ തോൽവി ഉറപ്പുവരുത്തി; ഇ. ശ്രീധരനെയും ജേക്കബ് തോമസിനെയും അവഗണിച്ചു; സുരേഷ്‌ഗോപിയുടെ രാജ്യസഭയിലേക്കുള്ള രണ്ടാം വരവ് തടഞ്ഞു; കേന്ദ്രമന്ത്രി വി മുരളീധരനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച യുവമോർച്ചാ നേതാവിനെ പുറത്താക്കി

തൃശൂർ: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ദയനീയ തോൽവിക്ക് പിന്നാലെ സംസ്ഥാന ബിജെപി യിൽ പൊട്ടിത്തെറി. കേന്ദ്രമന്ത്രി വി മുരളീധരനെതിരെ ഗുരുതര ആരോപണങ്ങൾ ട്വിറ്ററിൽ പങ്കുവച്ച് യുവമോർച്ചാ തൃശൂർ ജില്ലാ സെക്രട്ടറി പ്രസീദ് ദാസ്. ട്വീറ്റുകൾ വിവാദമായതോടെ പ്രസീദ് ദാസിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. പാർട്ടി അച്ചടക്ക നടപടികളെ തുടർന്ന് അദ്ദേഹം നേരത്തെ ട്വീറ്റുകൾ പിൻവലിക്കുകയും ചെയ്തിരുന്നു. നേമത്ത് കുമ്മനം രാജശേഖരന്റെ തോൽവി ഉറപ്പ് വരുത്തിയതും സുരേഷ്‌ഗോപിയുടെ രാജ്യസഭയിലേക്കുള്ള രണ്ടാം വരവ് തടഞ്ഞതും കേന്ദ്രമന്ത്രി വി മുരളീധരനാണെന്നാണ് പ്രസീദ് ദാസ് ട്വിറ്ററിൽ കുറിച്ചത്. ഇ ശ്രീധരനെയും ജേക്കബ് തോമസിനെയും അവഗണിച്ചു. മുരളീധരൻ കേരളാ ബിജെപി യുടെ ശാപമാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. മുരളീധരനെ കേന്ദ്രമന്ത്രി സ്ഥാനത്ത് നിന്നും നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ വഞ്ചനയോട് കാലം പൊറുക്കില്ല. കേന്ദ്രമന്ത്രിപദം അവസാനിക്കുന്ന ദിവസം കേരളത്തിലെ ആത്മാർത്ഥതയുള്ള പ്രവർത്തകർ മുരളീധരനെ എയർപോർട്ട് മുതൽ നരകം വരെ തല്ലുമെന്നും പ്രസീദ് ട്വിറ്ററിൽ കുറിച്ചിരുന്നു.

പ്രസീദ് ദാസിനെതിരെ നടപടിയെടുക്കുമെന്ന് തൃശൂർ ബിജെപി ജില്ലാ അദ്ധ്യക്ഷൻ കെ കെ അനീഷ് കുമാർ വ്യക്തമാക്കിയിരുന്നു. കടന്നാക്രമണം വിവാദമായതോടെ കേന്ദ്രമന്ത്രിക്കെതിരെയുള്ള ട്വീറ്റുകൾ പാർട്ടി അച്ചടക്ക നടപടിമാനിച്ച് പിൻവലിച്ചിരുന്നു. തുടർന്നാണ് പ്രാഥമിക അംഗത്വത്തിൽ നിന്ന് പ്രസീദിനെ പുറത്താക്കിയത്. ഇത് ചോദ്യം ചെയ്ത് പ്രസീദ് വീണ്ടും ട്വീറ്റ് ചെയ്തിട്ടുണ്ട്. “വിമർശിച്ചത് വ്യക്തിയെ ഡിലീറ്റ് ചെയ്തത് സംഘടന പറഞ്ഞിട്ട് പുറത്താക്കി എന്ന് വാർത്തയിൽ കണ്ടത് വ്യക്തി താല്പര്യമോ സംഘടനയോ” എന്നാണ് പുറത്താക്കിയതിനെ കുറിച്ച് പ്രസീദ് ദാസിന്റെ പ്രതികരണം.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എ.എന്‍. രാധാകൃഷ്ണന്‍ വന്‍ പരാജയമാണ് ഏറ്റുവാങ്ങിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമപ്രകാരം ആകെ പോള്‍ ചെയ്യുന്ന വോട്ടുകളുടെ ആറിലൊന്ന് (16.7%) എങ്കിലും നേടിയില്ലെങ്കില്‍ കെട്ടിവച്ച കാശ് നഷ്ടമാകും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച് പോസ്റ്റല്‍ വോട്ടടക്കം 1,35,349 വോട്ടുകളാണ് തൃക്കാക്കരയില്‍ ആകെ പോള്‍ ചെയ്തത്.
ഇതിന്റെ ആറിലൊന്നായ 22,551 വോട്ടുകള്‍ നേടിയെങ്കില്‍ മാത്രമേ കെട്ടിവച്ച കാശ് തിരികെ ലഭിക്കൂ. എന്നാല്‍ മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി എ.എന്‍. രാധാകൃഷ്ണന് 12,957 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ഈ പുതിയ സാഹചര്യത്തിലാണ് ബിജെപി നേതൃത്വത്തിനെതിരെ പരസ്യ പ്രസ്താവനകൾ ഉയരുന്നത്.

Related Articles

Latest Articles