Sunday, May 19, 2024
spot_img

ആപ്പും പൂട്ടി,ഓഫീസും പൂട്ടി ഫെയർകോഡ് ഓടി രക്ഷപെട്ടു

കൊച്ചി:ബിവ്റേജസ് കോർപ്പറേഷൻ മദ്യവിതരണത്തിനായി തയാറാക്കിയ ബവ് ക്യൂ ആപ് പദ്ധതി പൊളിഞ്ഞതോടെ ഫെയർകോഡ് ടെക്നോളജീസ് കമ്പനി ഉടമകൾ ഓഫിസിൽനിന്ന് സ്ഥലം വിട്ടു. ഓഫിസ് അകത്തുനിന്ന് പൂട്ടിയിട്ടിരിക്കുകയാണ്. ഇളങ്കുളം ചെലവന്നൂർ റോഡിലെ ഇവരുടെ ഓഫിസിൽ ഏതാനും ജോലിക്കാർ മാത്രമാണ് ഇന്നെത്തിയത്. കമ്പനി ഉടമകളാരും സ്ഥലത്തില്ലെന്നും മാധ്യമങ്ങളോട് പ്രതികരിക്കരുതെന്നു നിർദേശമുള്ളതായും ഓഫിസ് തുറന്നു പുറത്തു വന്ന ജീവനക്കാരിലൊരാളെന്നു പരിചയപ്പെടുത്തിയ ആൾ വാർത്താലേഖകരോട് പറഞ്ഞു.

സമൂഹ മാധ്യമങ്ങളിൽ വിമർശനം ഉണ്ടായതിനെത്തുടർന്ന് മദ്യ ആപ്പുമായി ബന്ധപ്പെട്ട് മേയ് 16നു ശേഷം ഫെയർകോഡ് കമ്പനി ഇട്ട പോസ്റ്റുകളെല്ലാം ഫെയ്സ്ബുക്ക് പേജിൽനിന്ന് പിൻവലിച്ചു. ഇന്നലെവരെ പോസ്റ്റുകൾ ഫെയ്സ്ബുക്ക് പേജിലുണ്ടായിരുന്നു. ബവ്കോയ്ക്കായി മദ്യവിതരണ ആപ്പ് തയാറാക്കിയത് എറണാകുളത്തുള്ള ഫെയർകോഡ് കമ്പനിയാണ്. ആപ് സംബന്ധിച്ച് ആളുകളുടെ ചോദ്യങ്ങൾക്ക് ഇവർ നേരത്തെ ഫെയ്സ്ബുക്ക് പേജിലൂടെ മറുപടി നൽകിയിരുന്നു. ഇതെല്ലാം പൂർണമായും നീക്കം ചെയ്തിട്ടുണ്ട്.

നിശ്ചിത സമയം കഴിഞ്ഞിട്ടും ആപ് ലഭിക്കാത്തതിനെത്തുടർന്ന് സമൂഹ മാധ്യമങ്ങളിൽ രൂക്ഷമായ വിമർശനം ഉയർന്നിരുന്നു. മികച്ച സേവനം നൽകാൻ ആപ് നിർമാതാക്കൾ പരാജയപ്പെട്ടെന്നായിരുന്നു പ്രധാന വിമർശനം. കോവിഡ് വാക്സിനു വേണ്ടിപോലും ഇത്രയും കാത്തിരുന്നിട്ടില്ല– സമൂഹ മാധ്യമത്തിൽ വന്ന ഒരു കമന്റ് ഇങ്ങനെ. ബവ് ക്യൂ ആപ്പിനായി തിരയുമ്പോൾ കൃഷി ആപ്പാണ് വരുന്നതെന്നും ഗതികെട്ട് അത് ഡൗൺലോഡ് ചെയ്ത് 4 വാഴവച്ചെന്നുമാണ് മറ്റൊരു കമന്റ്. വാഴ കുലയ്ക്കുമ്പോഴെങ്കിലും ആപ് വരുമോയെന്നും ആപ് നിർമാതാക്കളായ ഫെയർകോഡ് കമ്പനിയുടെ ഫെയ്സ്ബുക്ക് പേജിൽ ഉപഭോക്താക്കൾ കുറിച്ചു.

ടോക്കൺ സംവിധാനം പരാജയപ്പെട്ടതോടെ മദ്യം ആവശ്യപ്പെട്ട് ബാറുകളിലും ബിവറേജസ് ഔട്‍ലറ്റുകളിലും എത്തുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഇതിനിടെ പലയിടത്തും ടോക്കണില്ലാതെ മദ്യം വിതരണം ചെയ്യുകയും സാമൂഹിക അകലം പാലിക്കാതിരിക്കുകയും ചെയ്തിട്ടുണ്ട്. അങ്കമാലിയിൽ ഒരു ബാറിനെതിരെ ടോക്കണില്ലാതെ മദ്യം വിതരണം ചെയ്തതിനും ലോക്ഡൗൺ ചട്ടം ലംഘിച്ചതിനും കേസെടുത്തിട്ടുണ്ട്.

Related Articles

Latest Articles