പത്തനംതിട്ട: ഈ വർഷത്തെ ആറന്മുള ഉത്രട്ടാതി ജലോത്സവം ആചാരപരമായി ഒരു പള്ളിയോടത്തെ സ്വീകരിച്ചുകൊണ്ട് നടത്തും. കോവിഡ്-19 ന്റെ പശ്ചാത്തലത്തിലാണ് ഒരു പള്ളിയോടത്തെ മാത്രം സ്വീകരിച്ച് ചടങ്ങ് നടത്താൻ അനുമതി ലഭിച്ചിരിക്കുന്നത്. നാളെ (സെപ്റ്റംബർ 4) രാവിലെ 10.15 ന് ആറന്മുള പാർഥസാരഥി ക്ഷേത്രക്കടവിൽ നടക്കുന്ന ചടങ്ങിൽ ളാക-ഇടയാന്മുള പള്ളിയോടത്തെ സ്വീകരിച്ച് ചടങ്ങ് പൂർത്തിയാക്കും. ആഞ്ഞിലിമൂട്ടിൽക്കടവിൽ നിന്ന് ക്ഷേത്രക്കടവിലെത്തുന്ന ളാക-ഇടയാറന്മുള പള്ളിയോടത്തെ പള്ളിയോട സേവാസംഘം ഭാരവാഹികളുടെ നേതൃത്വത്തിൽ വെറ്റപുകയില നൽകി സ്വീകരിക്കും. തുടർന്ന് അവിൽപ്പൊതിയും പള്ളിയോടത്തിന് ചാർത്താനുള്ള പൂജിച്ചമാലയും കളഭവും കൈമാറും.
നിലവിൽ പമ്പയിലെ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞിരിക്കുകയാണ്. ജലനിരപ്പ് അനുകൂലമാണെങ്കിൽ പമ്പയുടെ നെട്ടായത്തിൽ പളളിയോടം ചവിട്ടിത്തിരിക്കുന്നതുൾപ്പെടെയുള്ള കാഴ്ചകൾ കാണാൻ കഴിയുമെന്നാണ് പള്ളിയോട പ്രേമികളുടെ പ്രതീക്ഷ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 24 പേർക്ക് മാത്രമാണ് പള്ളിയോടത്തിൽ കയറാൻ അനുമതിയുള്ളത്. പള്ളിയോടത്തിൽ കയറുന്നവർക്ക് കോവിഡ്-19 സംബന്ധിച്ച മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പള്ളിയോടത്തിൽ പ്രവേശിക്കുന്നവരുടെ താപനില ഉൾപ്പെടെ പരിശോധിച്ച് കൈകൾ അണുവിമുക്തമാക്കിയ ശേഷമാണ് പ്രവേശിപ്പിക്കുന്നത്.
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ആറന്മുളയിലെ ചടങ്ങുകളിൽ ഭക്തർക്ക് പ്രവേശനമില്ലാത്തതിനാൽ പള്ളിയോട സേവാസംഘത്തിന്റെ നേതൃത്വത്തിൽ ചടങ്ങുകൾ തത്സമയം സംപ്രേക്ഷണം ചെയ്യും. പള്ളിയോടങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രധാന ചടങ്ങുകളും പള്ളിയോട സേവാസംഘത്തിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലും , ഫേസ്ബുക്ക് പേജിലും തത്സമയം ലഭ്യമാക്കും. ഉത്രട്ടാതി വള്ളംകളിയുടെ ചടങ്ങുകൾ രാവിലെ 9.45 മുതൽ സംപ്രേക്ഷണം ചെയ്യും.

