Sunday, May 19, 2024
spot_img

സ്വപ്നയിൽ നിന്ന് കടമായി പണം വാങ്ങി;ദല്ലാൾ ആണെന്നു മനസ്സിലാക്കാത്തത് തെറ്റായിപ്പോയെന്ന് എം ശിവശങ്കർ

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായി വ്യക്തിപരമായ സൗഹൃദം മാത്രമെന്ന് ആവർത്തിച്ച് എം ശിവശങ്കര്‍. കേസിനെ കുറിച്ച് അറിയുകയോ ഇടപെടുകയോ ചെയ്തിട്ടില്ല. അധികാര ദല്ലാൾ പണി തിരിച്ചറിഞ്ഞ് സ്വപ്നയെ അകറ്റി നിർത്താത്തത് തന്റെ തെറ്റെന്നാണ് ശിവശങ്കർഎൻഐഎ ഉദ്യോഗസ്ഥരോട് ആവര്‍ത്തിക്കുന്നതെന്നാണ് വിവരം .

സാമ്പത്തിക പ്രയാസം ഉണ്ടായപ്പോൾ സ്വപ്നയിൽ നിന്ന് പണം കടം വാങ്ങിയത് സത്യമാണ്. അത് കടമായി തന്നെയാണ് കൈപ്പറ്റിയത്. തിരിച്ച് കൊടുത്തിട്ടില്ല. ഏതെങ്കിലും ഇടപെടലിനുള്ള പ്രത്യുപകരമായല്ല പണം വാങ്ങിയതെന്നും എം ശിവശങ്കര്‍ പറയുന്നു.

എന്നാൽ, സ്പേസ് പാര്‍ക്ക് പദ്ധതിയിലേക്ക് സ്വപ്നയുടെ നിയമനം അടക്കമുള്ള കാര്യത്തിൽ ശിവശങ്കറിന്‍റെ മൊഴിയിൽ അവ്യക്തത തുടരുന്നുവെന്ന് ഉദ്യോസ്ഥർ അറിയിച്ചു . ഇക്കാര്യത്തിൽ യുഎഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥന്‍റെ ഇടപെടൽ അടക്കമുള്ള കാര്യങ്ങളിൽ ഇനിയും വ്യക്തത വരാനുണ്ട്. തിരുവനന്തപുരത്ത് വച്ചുള്ള മൊഴിയെടുപ്പിന് ശേഷം ചോദ്യം ചെയ്യലിന് കൊച്ചിയിൽ ഹാജരാകാൻ എം ശിവശങ്കറിനോട് ആവശ്യപ്പെട്ട എൻഐഎ ഉദ്യോഗസ്ഥര്‍ കേസിൽ വളരെ കരുതലോടെയാണ് മുന്നോട്ട് പോകുന്നത്.

തുടര്‍ച്ചയായ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യൽ കഴിയുന്നതോടെ ശിവശങ്കറിന്‍റെ പങ്ക് സംബന്ധിച്ച സംശയങ്ങൾക്ക് വ്യക്തത വരുമെന്ന കണക്ക് കൂട്ടലിലാണ് എൻഐഎ .

Related Articles

Latest Articles