Monday, June 17, 2024
spot_img

കവി അനിൽ പനച്ചൂരാൻ്റെ മൃതദ്ദേഹം പോസ്റ്റ്മോർട്ടം ചെയ്യും?

തിരുവനന്തപുരം: അനിൽ പനച്ചൂരാന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യണമെന്ന് കുടുംബം. പോസ്റ്റ്‌മോർട്ടം വേണമെന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രി അധികൃതർ നിർദേശിച്ചതിനെത്തുടർന്നാണ് കുടുംബം സമ്മതം അറിയിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം സംസ്‌കാര സമയം തീരുമാനിക്കും. കായംകുളത്ത് നിന്ന് പൊലീസ് എത്തിയ ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക. ഇന്നലെ രാത്രിയാണ് കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ അന്തരിച്ചത്.

ഞായറാഴ്ച രാവിലെ ചെട്ടികുളങ്ങര ക്ഷേത്രത്തിൽ പോകാനായി വീട്ടിൽ നിന്നിറങ്ങിയ അനിൽ വഴിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. മാവേലിക്കര വി.എസ്.എം ആശുപത്രിയിലും തുടർന്ന് കരുനാഗപ്പള്ളി വല്യത്ത് ആശുപത്രിയിലും എത്തിച്ചു നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം കിംസ് ആശുപത്രിയിൽ വൈകിട്ടോടെ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വിലയിരുത്തല്‍.

ആലപ്പുഴ ജില്ലയിൽ കായംകുളം ഗോവിന്ദമുട്ടത്ത് വാരണപ്പള്ളി പനച്ചൂർ വീട്ടിൽ ഉദയഭാനു- ദ്രൗപതി ദമ്പതികളുടെ മകനായി 1965 നവംബർ 20നാണ് അനിൽ പനച്ചൂരാന്റെ ജനനം. അനിൽകുമാർ പി.യു എന്നാണ്‌ യഥാർത്ഥ പേര്. നങ്ങ്യാർകുളങ്ങര ടികെഎം കോളേജ്, തിരുവനന്തപുരം ലോ അക്കാദമി, വാറങ്കൽ കാകദീയ സർവകലാശാല എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. ഭാര്യ മായ, മൈത്രേയി, അരുൾ എന്നിവരാണ് മക്കൾ.

ലാൽ ജോസിന്റെ അറബിക്കഥ എന്ന ചിത്രത്തിലെ ചോര വീണ മണ്ണിൽ നിന്നു.., എം. മോഹനന്റെ കഥ പറയുമ്പോൾ എന്ന ചിത്രത്തിലെ വ്യത്യസ്തനാമൊരു ബാർബറാം ബാലനെ.. എന്നീ ഗാനങ്ങൾ അനിൽ പനച്ചൂരാനെ പ്രശസ്തിയിലേക്കുയർത്തിയവയാണ്. അറബിക്കഥയിലെ ചോര വീണ മണ്ണിൽ നിന്നു… എന്ന് തുടങ്ങുന്ന ഗാനരംഗത്ത് അഭിനയിച്ചതും ഇദ്ദേഹമാണ്. വലയില്‍ വീണ കിളികള്‍, അനാഥന്‍, പ്രണയകാലം, ഒരു മഴ പെയ്‌തെങ്കില്‍, കണ്ണീര്‍ക്കനലുകള്‍, കർണ്ണൻ തുടങ്ങിയവയാണ് പ്രധാന കവിതകള്‍.

Related Articles

Latest Articles