Sunday, May 19, 2024
spot_img

കള്ളക്കടത്തില്‍ ശിവശങ്കറിന് പ്രഥമ ദൃഷ്ട്യാ പങ്കുണ്ടെന്ന് കോടതി; ജാമ്യാപേക്ഷ തളളി; സ്വപ്‌നയ്‌ക്കൊപ്പമുള്ള വിദേശയാത്രയുടെ ഗൂഢലക്ഷ്യങ്ങള്‍ പുറത്തുവരാനുണ്ടെന്ന് കസ്റ്റംസ്

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസിൽ നൽകിയ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം സാമ്പത്തിക കുറ്റവിചാരണാ കോടതിയാണ് അപേക്ഷ തള്ളിയത്. തനിക്കെതിരെ തെളിവുകളില്ലെന്ന ശിവശങ്കറിന്റെ വാദം തള്ളിയ കോടതി കള്ളക്കടത്തിൽ ശിവശങ്കറിന് പ്രഥമദൃഷ്ട്യാ പങ്കുണ്ടെന്ന് നിരീക്ഷിച്ചു. ശിവശങ്കറിനെതിരെ കൂട്ടുപ്രതികളുടെ ശക്തമായ മൊഴിയുണ്ട്. ഉന്നത വ്യക്തികൾക്ക് കുറ്റകൃത്യത്തിൽ പങ്കെന്ന് മൊഴികളില്‍ വ്യക്തമാണ്. പ്രതികളുടെ രഹസ്യമൊഴിയിലും ഉന്നത വ്യക്തികളുടെ സ്വാധീനം വെളിവാകുന്നുണ്ട്. മറ്റു പ്രതികളുടെ മൊഴി മാത്രമാണ് തനിക്കെതിരെയുള്ളതെന്ന ശിവശങ്കറിന്‍റെ വാദം നിലനിൽക്കില്ലെന്നും കോടതി പറഞ്ഞു. അന്വേഷണവുമായി ശിവശങ്കർ സഹകരിക്കുന്നില്ലെന്ന് വ്യക്തമാണെന്നും കോടതി ഉത്തരവിലുണ്ട്. 

അതേസമയം കള്ളക്കടത്തിൽ തനിക്ക് പങ്കില്ലെന്നും ഇക്കാര്യത്തിൽ കസ്റ്റംസിന് യാതൊരു തെളിവും ഹാജരാക്കാൻ ആയില്ലെന്നുമാണ് ശിവശങ്കര്‍ വാദിച്ചത് . തനിക്കെതിരെ കേസിലെ ഒരു സാക്ഷിയുടെ മൊഴി മാത്രമാണുള്ളതെന്നും ശിവശങ്കര്‍ വാദിക്കുന്നു. എന്നാല്‍ കള്ളക്കടത്ത് റാക്കറ്റിലെ പ്രധാന കണ്ണിയാണ് ശിവശങ്കറെന്നും ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും കസ്റ്റംസ്
വ്യക്തമാക്കി. യുഎഇയുമായുള്ള ബന്ധത്തെ പോലും ബാധിച്ച കേസാണിതെന്നും ശിവശങ്കറിന് ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്നുമായിരുന്നു കസ്റ്റംസിന്റെ എതിര്‍വാദം.

ഏഴ് തവണ സ്വപ്‌നയുമൊത്ത് ശിവശങ്കർ വിദേശയാത്ര നടത്തി. മുഴുവൻ ചെലവും വഹിച്ചത് താനെന്ന് ശിവശങ്കർ സമ്മതിച്ചിട്ടുണ്ട്. ഒരു സീനിയർ ഐ എ എസ് ഉദ്യോഗസ്ഥൻ എന്തിനിത് ചെയ്യണമെന്ന് കസ്റ്റംസ് കോടതിയിൽ ചോദിച്ചു. യാത്രകൾക്ക് പിന്നിൽ ഗൂഢലക്ഷ്യങ്ങൾ ഉണ്ടെന്നും കസ്റ്റംസ് വാദിച്ചു.

Related Articles

Latest Articles