കണ്ണൂര്‍ : കണ്ണൂര്‍ സര്‍വകലാശാലയിലും മാര്‍ക്ക് ദാന വിവാദമുയര്‍ത്തി കെഎസ്‌യു. ബികോം പരീക്ഷ പാസാകാത്ത വിദ്യാര്‍ത്ഥിനിക്ക് സര്‍വകലാശാലക്ക് കീഴില്‍ ഫിസിക്കല്‍ എജുക്കേഷന്‍ ഡിപാര്‍ട്ട്‌മെന്റില്‍ ഉന്നത പഠനത്തിന് അവസരം നല്‍കിയെന്നാണ് പ്രധാന ആരോപണം. സംഭവം വിവാദമായതോടെ ബിദുദ പരീക്ഷ ജയിപ്പിക്കാന്‍ ഗ്രേസ് മാര്‍ക്ക് നല്‍കുന്നതിന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഇടപെടുന്നു എന്നും കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്ഷേപിക്കുന്നു.
കണ്ണൂര്‍ സര്‍വകാലാശാലയിലെ ഫിസിക്കല്‍ എജുക്കേഷന്‍ ഡിപാര്‍ട്ട്‌മെന്റില്‍ പ്രവേശനം കിട്ടാന്‍ വേണ്ട ഒന്നാമത്തെ യോഗ്യത ബിരുദമാണ്. എന്നാല്‍ ബികോം തോറ്റ വിദ്യാര്‍ത്ഥിനിക്ക് പ്രവേശനവും പരീക്ഷ രജിസ്‌ട്രേഷന് അവസരവും നല്‍കിയതോടെയാണ് വിവാദത്തിന്റെ തുടക്കം. ഹാള്‍ടിക്കറ്റ് നല്‍കുന്നതിനുള്ള നടപടിക്കിടെ പരീക്ഷ വിഭാഗം ഉദ്യോഗസ്ഥരാണ് ക്രമക്കേട് കണ്ടെത്തിയത്. തുടര്‍ന്ന് സര്‍വകലാശാല വൈസ് ചാന്‍സലറെ വിവരമറിയിച്ചു. ഗൗരവമായ വിഷയമാണെന്നും കര്‍ശന നടപടിയുണ്ടാകുമെന്നുമാണ് വൈസ് ചാന്‍സലറുടെ പ്രതികരണം.
വിദ്യാര്‍ത്ഥിനിക്ക് ചട്ടം ലംഘിച്ച് ഉന്നത പഠനത്തിന് അവസരം നല്‍കിയതിന് പിന്നില്‍ ഫിസിക്കല്‍ എജുക്കേഷന്‍ വകുപ്പ് മേധാവിയും ഒരു സിന്‍ഡിക്കേറ്റംഗവുമാണെന്ന് കെഎസ്യു വൈസ്ചാന്‍സലര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. കേരള സര്‍വകലാശാലയിലാണ് വിദ്യാര്‍ത്ഥിനി ബികോം പഠിച്ചത്. വിദ്യാര്‍ത്ഥിനിയെ രക്ഷിച്ചെടുക്കാന്‍ അനധികൃതമായി ഗ്രേസ് മാര്‍ക്ക് നല്‍കി ബിരുദം പാസാക്കാന്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ഇടപെട്ടാന്നാണ് ആരോപണം.

