Saturday, May 18, 2024
spot_img

”പോലീസ് ചെയ്തത് നരഹത്യയാണ്; രാജന്‍റെയും, അമ്പിളിയുടേയും മരണത്തില്‍ ആക്രോശിച്ച് സമൂഹ മാധ്യമങ്ങള്‍; കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പ്രതിഷേധ പൊങ്കാല

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസിന് സംഭവിച്ച വീഴ്ച ചൂണ്ടിക്കാട്ടി സമൂഹ മാധ്യമങ്ങള്‍. ഇതിനെത്തുടര്‍ന്ന് കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഓരോ പോസ്റ്റിന് താഴെയും വന്‍ജനരോഷമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. അച്ഛനുവേണ്ടി കുഴിയെടുക്കുന്ന മകനോട് ‘ഏടാ നിര്‍ത്തെടാ’ എന്നും ‘അതിനു ഞാന്‍ എന്ത് വേണം’ എന്നുമെല്ലാം മനസാക്ഷിയില്ലാതെ ആക്രോശിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ നേരത്തെ തന്നെ വൈറലായിരുന്നു.

അതേസമയം ‘ഇതാണോ പൊലീസ് മാമന്റെ രീതി’ എന്നാണ് സൈബര്‍ സ്‌പേസുകളില്‍ ഉയരുന്ന പ്രധാന ചോദ്യം. തീക്കൊളുത്തുന്ന ദമ്പതിമാരുടെ വീഡിയോയും കേരള പൊലീസിന്റെ പോസ്റ്റുകള്‍ക്ക് താഴെ കമന്റായി വരുന്നു. എന്തിനും ചുട്ട മറുപടി കൊടുക്കുന്ന പേജില്‍ ഈ ചോദ്യങ്ങള്‍ക്ക് പൊലീസില്‍ നിന്നും ഒരു ഉത്തരമില്ല എന്നതും ശ്രദ്ധേയമാണ്.

എന്നാല്‍ നെയ്യാറ്റിന്‍കരയില്‍ ഒഴിപ്പിക്കല്‍ നടപടിക്കിടെ പൊള്ളലേറ്റ് മരിച്ച രാജന്റേയും അമ്പിളിയുടെയും മക്കളുടെ പൂര്‍ണമായ സംരക്ഷണം ഏറ്റെടുക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അതേസമയം പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടോ എന്ന് പരിശോധിക്കാന്‍ ഡിജിപി റൂറല്‍ എസ്പിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്തായാലും പോലീസുകാരുടെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്നു തന്നെയാണ് ഭൂരിഭാഗം പേരും വിലയിരുത്തിയിരിക്കുന്നത്.

Related Articles

Latest Articles