കൊച്ചി: കിഴക്കമ്പലത്ത് (Kizhakkambalam) ഇതര സംസ്ഥാന തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ച സംഭവം പ്രത്യേക സംഘം അന്വേഷിക്കും. പെരുമ്പാവൂർ എഎസ്‍പി അനൂജ് പലിവാലിന്റെ നേതൃത്വത്തിൽ 19 അംഗ സംഘമാണ് കേസ് അന്വേഷിക്കുക. രക്ഷപെട്ട പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു. അക്രമത്തില്‍ 156 ഇതര സംസ്ഥാന തൊഴിലാളികള്‍ കസ്റ്റഡിയിലെന്ന് റൂറല്‍ എസ്പി കെ കാര്‍ത്തിക് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് നൂറിലേറെ പേരെ കസ്റ്റഡിയിലെടുത്തു. പെരുമ്പാവൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കുറ്റവാളികള്‍ക്കായി തിരച്ചില്‍ തുടങ്ങി. എറണാകുളം കിഴക്കമ്പലത്ത് കിറ്റക്‌സ് കമ്പനിയിലെ ജീവനക്കാരായ അതിഥിത്തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ചത് മദ്യലഹരിയിലെന്ന് റൂറല്‍ എസ്പി കെ കാര്‍ത്തിക് പറഞ്ഞു. കിഴക്കമ്പലത്ത് നടന്ന ആക്രമണത്തില്‍ സിഐ ഉള്‍പ്പെടെ അഞ്ചു പൊലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു.
കസ്റ്റഡിയിലെടുത്ത തൊഴിലാളികളെ വിവിധ സ്റ്റേഷനുകളിലേക്ക് മാറ്റി.തൊഴിലാളികളുടെ ക്യാമ്പില്‍ പൊലീസ് പരിശോധന പുരോഗമിക്കുകയാണ്. അഞ്ഞൂറോളം പൊലീസ് ഉദ്യോഗസ്ഥരെ സംഭവ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ടെന്നും എസ്പി വ്യക്തമാക്കി. ഇന്നലെ രാത്രി 12 മണിയോടെയാണ് ചൂരക്കോട് കിറ്റെക്‌സില്‍ ജോലിക്കെത്തിയ അഞ്ഞൂറിലധികം ഇതര സംസ്ഥാന തൊഴിലാളികള്‍ സംഘര്‍ഷമുണ്ടാക്കിയത്. ക്രിസ്മസ് ആഘോഷത്തിനിടെയായിരുന്നു സംഘര്‍ഷം.

