Saturday, May 11, 2024
spot_img

“സിപിഎം തന്നെയാണ് ഇതിനകത്ത് പ്രതിയെന്ന് ഒരിക്കൽക്കൂടി തെളിഞ്ഞു ! അഭിപ്രായം പറഞ്ഞതിനാണ് ചന്ദ്രശേഖരനെ പാർട്ടി ആലോചിച്ച് വെട്ടിക്കൊന്നത് ! ഹൈക്കോടതി വിധിയിൽ സന്തോഷം! “- ടിപി ചന്ദ്രശേഖരൻ വധക്കേസിലെ ഹൈക്കോടതി വിധിയിൽ പ്രതികരിച്ച് കെകെ രമ.

ആർഎംപി നേതാവ് ടിപി ചന്ദ്രശേഖരൻ വധക്കേസിലെ ഹൈക്കോടതി വിധിയിൽ പ്രതികരിച്ച് ടിപി ചന്ദ്രശേഖരന്റെ പത്നിയും വടകര എംഎൽഎയുമായ കെകെ രമ. വിധിയിൽ സന്തോഷമെന്നും തങ്ങൾ നേരത്തെ പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന് ഹൈക്കോടതി ശരിവച്ചിരിക്കുന്നുവെന്നും രമ പറഞ്ഞു. ഹൈക്കോടതി പരിസരത്ത് മാദ്ധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അവർ.

‘ഏറ്റവും നല്ല വിധിയാണ് വന്നിരിക്കുന്നത്. ഞങ്ങൾ വളരെ നേരത്തെ പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന് ഹൈക്കോടതിയും ശരിവച്ചിരിക്കുന്നു. വിചാരണ കോടതി വിധി ഹൈക്കോടതി ശരിവെച്ചു. അതോടൊപ്പം മുൻ ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗം കെ.കെ കൃഷ്ണൻ, കൂത്തുപറമ്പിലെ ജ്യോതിബാബു എന്നിവർ കൂടി കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.

സിപിഎം തന്നെയാണ് ഇതിനകത്ത് പ്രതിയെന്ന് ഒരിക്കൽക്കൂടി തെളിഞ്ഞു. കെ.കെ. കൃഷ്ണൻ അക്കാലത്തെ ഏരിയാ കമ്മിറ്റി അംഗമാണ്. അവരും കൂടെ പ്രതിയാകുന്നതോടെ പാർട്ടി നേതൃത്വത്തിന്റെ പങ്ക് പുറത്തുവരികയാണ്. വലിയ സാമ്പത്തിക സ്വാധീനവും രാഷ്ട്രീയ സ്വാധീനവുമൊക്കെ കേസിനുണ്ടായിരുന്നു.

അഭിപ്രായം പറഞ്ഞതിനാണ് ചന്ദ്രശേഖരനെ പാർട്ടി ആലോചിച്ച് വെട്ടിക്കൊന്നത്. അഞ്ച് മാസം നീണ്ടുനിന്ന വാദമാണ് കോടതിയിൽ നടന്നത്. അഭിഭാഷകർ നല്ല രീതിയിൽ കേസ് കൈകാര്യം ചെയ്തു. ഞങ്ങൾ നടത്തിയ പോരാട്ടത്തിന്റെ വിജയമാണ് ഇത്’, കെ.കെ. രമ പറഞ്ഞു.

ടിപി ചന്ദ്രശേഖരൻ വധക്കേസിൽ കുഞ്ഞനന്തൻ അടക്കമുള്ള 10 പ്രതികളെ ശിക്ഷിച്ച വിധിയാണ് ഹൈക്കോടതി ശരിവെച്ചത്. ,കെ കെ കൃഷ്ണന്‍, ജ്യോതി ബാബു എന്നിവരെ വെറുതെ വിട്ട വിചാരണ കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കി. എന്നാല്‍, മോഹനന്‍ മാസ്റ്ററെ വെറുതെ വിട്ട വിധി കോടതി ശരിവെച്ചു. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികളും പി മോഹനൻ അടക്കം പ്രതികളെ വെറുതെ വിട്ടത് ചോദ്യം ചെയ്ത് കെകെ രമ എംഎൽഎയും പ്രതികളുടെ ശിക്ഷ കൂട്ടണമെന്ന സർക്കാരും സമര്‍പ്പിച്ച അപ്പീലാണ് ഹൈക്കോടതി പരിഗണിച്ചത്.

2012 മെയ്‌ നാലിനാണ് ആർഎംപി സ്ഥാപക നേതാവ് ടി.പി. ചന്ദ്രശേഖരനെ വടകര വള്ളിക്കോട് വെച്ച് അക്രമി സംഘം ബോംബെറിഞ്ഞു വീഴ്‌ത്തിയ ശേഷം ദാരുണമായി വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎമ്മിൽനിന്ന് വിട്ടുപോയി സ്വന്തമായി പാർട്ടിയുണ്ടാക്കിയ ചന്ദ്രശേഖരനോടുള്ള പകവീട്ടുന്നതിന് സിപിഎമ്മകാരായ പ്രതികൾ കൊലപാതകം നടത്തി എന്നാണ് കേസ്.

വിചാരണയ്ക്ക് ശേഷം 2014ൽ എം. സി. അനൂപ്, കിർമാണി മനോജ്, കൊടി സുനി, ടി. കെ. രജീഷ്, സിപിഎം പാനൂർ ഏരിയ കമ്മിറ്റി അംഗമായിരുന്ന പി. കെ. കുഞ്ഞനന്തൻ അടക്കം 11 പ്രതികളെ ജീവപര്യന്തം തടവിനും കണ്ണൂർ സ്വദേശി ലംബു പ്രദീപിനെ 3 വർഷത്തെ തടവിനും ശിക്ഷിച്ചിരുന്നു. 36 പ്രതികളുണ്ടായിരുന്ന കേസിൽ സിപിഎം നേതാവായ പി.മോഹനൻ ഉൾപ്പെടെ 24 പേരെ വിട്ടയച്ചു. ശിക്ഷ അനുഭവിക്കുന്നതിനിടെ പി.കെ.കുഞ്ഞനന്തൻ 2020 ജൂണിൽ മരിച്ചു.

Related Articles

Latest Articles