കോഴിക്കോട്: മിശ്രവിവാഹം സംബന്ധിച്ച എസ്‍വൈഎസ് നേതാവ് നാസര്‍ ഫൈസി കൂടത്തായിയുടെ പ്രസ്താവനയെ പിന്തുണച്ച് കെഎന്‍എം നേതാവ് ഹുസൈന്‍ മടവൂര്‍. നാസര്‍ ഫൈസി പറഞ്ഞതില്‍ തെറ്റില്ലെന്നും മിശ്രവിവാഹമെന്നത് ഇസ്ലാം വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീം പെണ്‍കുട്ടികളെ വിവാഹം കഴിക്കാനെന്ന പേരില്‍ കൊണ്ടു പോകുന്നവർക്ക് പാര്‍ട്ടികളുടെ സഹായം കിട്ടുന്നുണ്ട്. നാസര്‍ ഫൈസിയുടെ വാദത്തെ ലവ് ജിഹാദുമായി ബന്ധപ്പെടുത്തേണ്ടതില്ല. ലവ് ജിഹാദില്ലെന്ന് ആഭ്യന്തര വകുപ്പ് തന്നെ വ്യക്തമാക്കിയതാണെന്നും ഹുസൈന്‍ മടവൂര്‍ പറഞ്ഞു
നേരത്തെ നാസർഫൈസിയുടെ പരാമർശം വിവാദമായിരുന്നു. മിശ്രവിവാഹത്തിനായി മുസ്ലിം പെൺകുട്ടികളെ കൊണ്ടുപോകുന്നതിന് ചില പാർട്ടികളുടെ പിന്തുണ ലഭിക്കുന്നുണ്ടെന്നായിരുന്നു നാസർ ഫൈസിയുടെ പരാമർശം. മിശ്രവിവാഹത്തിന് പിന്നിൽ സി.പി.എമ്മും ഡി.വൈ.എഫ് ഐയുമാണെന്നും നാസർ ഫൈസി ആരോപിച്ചു.
മുസ്‌ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മിശ്ര വിവാഹം നടത്തുന്നു. ഹിന്ദു മുസ്ലിമിനെ വിവാഹം കഴിച്ചാൽ അത് മതേതരത്വമായെന്നാണ് ചിലർ കരുതുന്നത്. മഹല്ലുകൾ ജാഗ്രത പുലർത്തണമെന്നും എസ് വൈ എസ് സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി പറഞ്ഞു. മുസ്‌ലിം മുസ്‌ലിമിനെ വിവാഹം കഴിക്കണമെന്നത് ഭരണഘടന അനുവദിക്കുന്ന കാര്യമാണ്. ഹൈന്ദവത ഹൈന്ദവ സമൂഹത്തിൽ നിന്ന് വിവാഹം കഴിക്കുന്നത് ഭരണഘടന നൽകുന്ന അധികാരമാണ്. പക്ഷേ, ഹിന്ദു മുസ്ലിമിനെ വിവാഹം കഴിച്ചാലേ ഭാരതീയ സംസ്‌കാരമാകൂ, മതനിരപേക്ഷതയാകൂ എന്നാണ് ചിലരുടെ കുടില തന്ത്രം എന്നാണ് നാസർ ഫൈസി പറഞ്ഞത്.
പാർട്ടി ഓഫീസുകളിലും പത്ര ഓഫീസുകളിലും പാർട്ടി നേതാക്കന്മാരുടെ പിൻബലത്തിൽ എസ്എഫ്‌ഐയും ഡി.വൈ.എഫ്.ഐയും മുസ്ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി അമുസ്ലിംങ്ങൾക്ക് കല്യാണം കഴിച്ചു കൊടുക്കുന്നുവെന്നും ഫൈസി മുമ്പ് പറഞ്ഞിരുന്നു.

