കൊടകര കുഴൽപ്പണ കേസിൽ തന്റെ കൈകൾ ശുദ്ധമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. തന്റെ പക്ഷത്ത് ഒരു ചെറിയ കറപോലും ഇല്ലെന്നും കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്നും സംസ്ഥാനത്ത് ബിജെപിയുടെ മുന്നേറ്റത്തിലുള്ള അമ്പരപ്പ് ആണ് ആരോപണങ്ങൾക്കെല്ലാം പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“തിരൂർ സതീശിന് സിപിഎം സാമ്പത്തിക സഹായം ചെയ്തു. എംകെ കണ്ണന്റെ ബാങ്കിൽ വീട് ജപ്തിയായി. അത് ഒഴിവാക്കി കൊടുക്കാനാണ് ആരോപണം ഉന്നയിപ്പിച്ചത്. പിന്നിൽ വി ഡി സതീശനും ഉണ്ട്. ധർമരാജൻ ഷാഫിക്ക് പണം നൽകിയെന്നും പറഞ്ഞ് കോൺഗ്രസുകാർ വിളിക്കുന്നുണ്ട്. മട്ടന്നൂർ അശ്വിനി കുമാർ കൊലക്കേസിൽ പ്രധാന പ്രതികളെ വെറുതെ വിട്ടത് സർക്കാർ പോപ്പുലർ ഫ്രണ്ടുമായി ഒത്തുകളിച്ചതിന്റെ ഭാഗമാണ്. പ്രോസിക്യൂഷൻ പ്രതികളെ സഹായിച്ചു. കുറ്റകരമായ അനാസ്ഥ പോലീസും പ്രോസിക്യൂഷനും കാണിച്ചു. കേരള രാഷ്ട്രീയത്തിന്റെ ഗതിമാറ്റുന്ന ഉപതെരഞ്ഞെടുപ്പാണ് നടക്കുന്നത്. പിണറായിക്കും വിഡി സതീശനും വലിയ തിരിച്ചടി ഉണ്ടാകും. വോട്ടെണ്ണി കഴിഞ്ഞാൽ മുന്നണി ഘടന തന്നെ മാറും. അതിന്റെ വെപ്രാളമാണ് ഇപ്പോൾ കാണുന്നത്.
മുനമ്പം പ്രശ്നം പരിഹരിക്കാൻ വഖഫ് ബോർഡ് കടുംപിടുത്തത്തിൽ നിന്ന് പിന്മാറണം. മുതലക്കണ്ണീർ ഒഴുക്കുന്നവർ വഖഫ് ബോർഡ് നിയമ ഭേദഗതിയെ എതിർത്തത് എന്തിനാണ്. വഖഫ് ബോർഡ് പരിഷ്കാരത്തെ യുഡിഎഫും എൽഡിഎഫും പിന്തുണയ്ക്കണം. നിയമസഭ പാസാക്കിയ പ്രമേയം പിൻവലിക്കണം.”- കെ സുരേന്ദ്രൻ പറഞ്ഞു.

