തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അരൂരിലെ യു ഡി എഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനെതിരെ ജി. സുധാകരൻ നടത്തിയ പ്രസ്താവനയെ തള്ളി സി പി ഐ എം രംഗത്ത്. സുധാകരന്‍റെ പ്രസ്താവന ഏത് സാഹചര്യത്തിലാണെന്ന് പരിശോധിക്കുമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സ്ത്രീവിരുദ്ധ നിലപാട് അംഗീകരിക്കുന്ന പാർട്ടിയല്ല സി പി ഐ എം എന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പൂതനകൾക്കു ജയിക്കാനുള്ള സ്ഥലമല്ല അരൂരെന്നും കള്ളം പറഞ്ഞും മുതലക്കണ്ണീർ ഒഴുക്കിയുമാണ് യു ഡി എഫ് സ്ഥാനാർത്ഥി ജയിക്കാൻ ശ്രമിക്കുന്നതെന്നുമായിരുന്നു ജി സുധാകരൻ പറഞ്ഞത്.
സുധാകരന്‍റെ വിവാദ പ്രസ്താവനയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടിയിരുന്നു. വിഷയത്തിൽ ഡി ജി പിയും ആലപ്പുഴ ജില്ലാകലക്ടറും അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ ആവശ്യപ്പെട്ടു. ജി സുധാകരനെതിരെ ഷാനിമോൾ ഉസ്മാൻ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
സ്ത്രീത്വത്തെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഷാനിമോൾ ഉസ്മാൻ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. പെരുമാറ്റചട്ട ലംഘനത്തിനും സത്യപ്രതിജ്ഞ ലംഘനത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും നടപടി വേണമെന്നാണ് പരാതി.

