പശ്ചിമ ബംഗാൾ: കൊൽക്കത്തയിലെ താംഗ്രയിൽ ഒരു ഗോഡൗണിൽ ശനിയാഴ്ച ഉണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമാക്കാൻ പത്തു മണിക്കൂറിനു ശേഷവും സാധിച്ചില്ല. ശനിയാഴ്ച വൈകീട്ട് ആറരയോടെ ഉണ്ടായ തീ അണയ്ക്കാൻ 15 ഫയർ എഞ്ചിനുകൾ സ്ഥലത്തുണ്ട്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം 12 മണിക്കൂറിന് ശേഷവും തീ ആളിപ്പടരുകയാണ്. എങ്കിലും ഗോഡൗണിന്റെ ചില ഭാഗങ്ങളിൽ തീ അണയ്ക്കുന്നതിൽ അഗ്നിശമന സേനാംഗങ്ങൾ വിജയിച്ചിട്ടുണ്ട്. തീ പൂർണ്ണമായും കെടുത്താനുള്ള തീവ്രശ്രമം അഗ്നി ശമന സേന നടത്തുകയാണ്. തീ കത്തിപ്പടരാൻ സഹായകമായ വസ്തുക്കൾ ഗോഡൗണിൽ വലിയ തോതിൽ ഉള്ളതിനാലാണ് അഗ്നി ബാധ നിയന്ത്രണ വിധേയമാക്കാൻ സമയമെടുക്കുന്നതെന്നും സേനാംഗങ്ങൾക്ക് ഇതുവരെ ഗോഡൗണിനുള്ളിലേക്ക് കയറാൻ സാധിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. തീയണക്കാൻ ശ്രമിക്കുന്നതിനിടെ രണ്ട് അഗ്നിശമനാ സേനാംഗങ്ങൾക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
ഡൽഹിയിലെ ഗോകുപുരി പ്രദേശത്തെ ചേരി ക്ലസ്റ്ററിൽ നിന്ന് തീപിടിച്ച് ഏഴ് മൃതദേഹങ്ങൾ കണ്ടെടുത്തതിന് തൊട്ടുപിന്നാലെയാണ് കൊൽക്കത്തയിലും തീപിടുത്തമുണ്ടായത്. ഡൽഹിയിൽ 60 ഓളം കുടിലുകളിൽ 30 എണ്ണം പൂർണമായും കത്തി നശിച്ചു.

