Wednesday, May 15, 2024
spot_img

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ വമ്പൻ സ്കോർ ഉയർത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്; ബാംഗ്ലൂരിന്റെ വിജയലക്ഷ്യം 205

കൊല്‍ക്കത്ത: ഐപിഎല്‍ 2023 സീസണിലെ ആദ്യ വിജയം ലക്ഷ്യം വച്ച് കളത്തിലിറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ തകർപ്പൻ സ്കോര്‍. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സാണ് സ്‌കോർ ബോർഡിൽ എത്തിച്ചത്. ഓപ്പണര്‍ റഹ്മനുള്ള ഗുര്‍ബാസ്, ഷര്‍ദുല്‍ താക്കൂര്‍ എന്നിവർ കത്തിക്കയറിയപ്പോൾ കൊൽക്കത്ത റൺമലയിലെത്തി. ബാംഗ്ലൂരിനായി ഡേവിഡ് വില്ലിയും കരണ്‍ ശര്‍മ്മയും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ആന്ദ്രേ റസല്‍, നിതീഷ് റാണ തുടങ്ങിയ താരങ്ങൾക്ക് ബാറ്റിങ്ങിൽ തിളങ്ങാനാകാതെ പോയ മത്സരം കൂടിയായിരുന്നു ഇന്നത്തേത്.

ഓപ്പണറായി ഇറങ്ങിയ വെങ്കിടേഷ് അയ്യര്‍ തീര്‍ത്തും നിരാശപ്പെടുത്തി മടങ്ങി. ഏഴ് പന്തില്‍ മൂന്ന് റണ്‍സ് മാത്രമായിരുന്നു സമ്പാദ്യം. പിന്നാലെ തൊട്ടടുത്ത പന്തില്‍ മന്‍ദീപ് സിംഗിനെയും മടക്കി ഡേവിഡ് വില്ലി കെകെആറിനെ വരിഞ്ഞു മുറുക്കി. ഒരറ്റത്ത് റഹ്മനുള്ള ഗുര്‍ബാസ് പിടിച്ച് നിന്നപ്പോള്‍ നായകൻ നിതീഷ് റാണ ബ്രേസ്‍വെല്ലിന് വിക്കറ്റ് നല്‍കി മടങ്ങി. പിന്നീട് കണ്ടത് അഫ്ഗാനിസ്ഥാൻ താരം ഗുര്‍ബാസിന്‍റെ മിന്നുന്ന പ്രകടനമായിരുന്നു. ആര്‍സിബി ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിച്ച് കൊണ്ട് ഗുര്‍ബാസ് ഈഡൻ ഗാര്‍ഡൻസിനെ പുളകം കൊള്ളിച്ചു.

അര്‍ധ സെഞ്ചുറി കുറിച്ച് മുന്നോട്ട് പോകുന്നതിനിടെ ഗുര്‍ബാസിനെ കരണ്‍ ശര്‍മ്മ വീഴ്ത്തി. 44 പന്തില്‍ ആറ് ഫോറുകളും മൂന്ന് സിക്സുകളും സഹിതം 57 റണ്‍സാണ് ഗുര്‍ബാസ് നേടിയത്. വൻ പ്രതീക്ഷകളുമായി എത്തിയ ആന്ദേ റസലിനെ കരണ്‍ തൊട്ടടുന്ന പന്തില്‍ തന്നെ കോലിയുടെ കൈകളില്‍ എത്തിച്ചതോടെ കൊല്‍ക്കത്ത ഞെട്ടി. എന്നാല്‍, ആശങ്കകളകറ്റിക്കൊണ്ട് ഷര്‍ദുല്‍ താക്കൂറിന്‍റെ തകർപ്പൻ പ്രകടത്തിനായിരുന്നു സ്റ്റേഡിയം പിന്നീട് സാക്ഷ്യം വഹിച്ചത്.

20 പന്തില്‍ താരം അര്‍ധ സെഞ്ചുറി പേരിലെഴുതി. മികച്ച പിന്തുണ നല്‍കി റിങ്കു സിംഗും ചേര്‍ന്നതോടെ കൊല്‍ക്കത്ത മികച്ച സ്കോറിലേക്ക് എത്തുകയായിരുന്നു. 18-ാം ഓവറില്‍ 46 റണ്‍സെടുത്ത റിങ്കു സിംഗിനെ ഹര്‍ഷല്‍ പുറത്താക്കിയെങ്കിലും കൊല്‍ക്കത്ത അപ്പോഴേക്കും 192 റണ്‍സിലെത്തിയിരുന്നു. അവസാന ഓവറില്‍ ഷര്‍ദുലിനെ പുറത്താക്കി സിറാജ് ആശ്വാസം കണ്ടെത്തി. പുറത്താകുമ്പോൾ 29 പന്തില്‍ 68 റണ്‍സാണ് ഷര്‍ദുല്‍ അടിച്ചുകൂട്ടിയിരുന്നത്.

Related Articles

Latest Articles