മങ്കിപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് വിചിത്ര നിര്‍ദ്ദേശം നല്‍കി കൊല്ലം ഇന്‍ഫോര്‍മേഷന്‍ ഓഫീസര്‍. മങ്കിപോക്സ് വിഷയത്തില്‍ കളക്ടര്‍ നടത്തിയ വാര്‍ത്താ സമ്മേളനം പുറത്തുവിടരുതെന്നാണ് നിര്‍ദ്ദേശം. വിഷയത്തില്‍ ആരോഗ്യവകുപ്പിന്റെ വീഴ്ച വാര്‍ത്തയായതോടെയാണ് ഇന്‍ഫോര്‍മേഷന്‍ ഓഫീസറുടെ നിര്‍ദ്ദേശം. മങ്കി പോക്സ് സ്ഥിരീകരിച്ച വ്യക്തിയ്ക്ക് 35 പേരുമായി സമ്പര്‍ക്കമുണ്ടെന്നാണ് കളക്ടര്‍ അഫ്സാന പര്‍വീണ്‍ പറഞ്ഞത്.
ഇവര്‍ ആരോഗ്യ വിഭാഗത്തിന്റെ നിരീക്ഷണത്തില്‍ കഴിയുകയാണെന്നും രോഗി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണെന്നും കളക്ടര്‍ അറിയിച്ചിരുന്നു. ജൂലൈ 12ന് കൊല്ലത്ത് എത്തിയ രോഗി എന്‍എസ് ഹോസ്പിറ്റലില്‍ നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് യാത്ര ചെയ്തത് വരെയുള്ള സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവരെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും കളക്ടര്‍ പറഞ്ഞിരുന്നു.
കൊല്ലത്ത് രോഗിയുടെ പേരില്‍ ആദ്യം പുറത്തുവിട്ട റൂട്ട്മാപ്പില്‍ പിശക് സംഭവിച്ചതോടെയാണ് വാര്‍ത്ത സമ്മേളം പുറത്തുവിടരുതെന്ന് ഇന്‍ഫോര്‍മേഷന്‍ ഓഫീസര്‍ നിര്‍ദ്ദേശിച്ചത്. പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചുവെന്നായിരുന്നു ഡിഎംഒ ഓഫീസ് നല്‍കിയ വിവരം. എന്നാല്‍ രോഗി ചികിത്സയിലുളളത് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ്.
കൂടാതെ രോഗിയുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ളവരേയും കണ്ടെത്താനായിട്ടില്ല.ഓട്ടോയിലാണ് വ്യക്തി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോയത്. ഈ ഓട്ടോ ഡ്രൈവറെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഈ ആശുപത്രിയില്‍ നിന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് പോയ ടാക്സി ഡ്രൈവറേയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇവര്‍ പുറത്തിറങ്ങിയാല്‍ രോഗം മറ്റുള്ളവരിലേക്ക് പടരാന്‍ സാദ്ധ്യതയുണ്ടെന്നാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

