Sunday, May 19, 2024
spot_img

വളപട്ടണം ഐഎസ് കേസില്‍ പ്രതികൾക്ക് തടവ് ശിക്ഷ; കേസിലെ മൂന്നു പ്രതികളുടെ വിചാരണയാണ് പൂര്‍ത്തിയാക്കിയത്

കൊച്ചി: വളപട്ടണം ഐഎസ് കേസില്‍ ഒന്നാം പ്രതിക്കും അഞ്ചാം പ്രതിക്കും ഏഴ് വര്‍ഷം തടവും 50,000 രൂപ പിഴയും, രണ്ടാം പ്രതിക്ക് ആറ് വര്‍ഷം തടവും മുപ്പതിനായിരം രൂപ പിഴയും കൊച്ചി എന്‍ഐഎ കോടതി ശിക്ഷയായി വിധിച്ചു. ചക്കരക്കല്ല് മണ്ടേരി മിഥിലജ്, ചിറക്കര യൂസഫ് എന്നിവരാണ് ഒന്നും അഞ്ചും പ്രതികള്‍. വളപട്ടണം ചെക്കിക്കുളം സ്വദേശി കെവി അബ്ദുള്‍ റസാഖാണ് കേസിലെ രണ്ടാം പ്രതി.മൂവരും കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു.

കണ്ണൂര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 15 പേര്‍ തീവ്രവാദ പ്രവര്‍ത്തനത്തിനായി ഐഎസില്‍ ചേര്‍ന്നു എന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. ആദ്യം വളപട്ടണം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് എന്‍.ഐ.എ അന്വേഷിച്ചു. നേരത്തെ കുറ്റപത്രം നല്‍കിയ മൂന്നു പ്രതികളുടെ വിചാരണയാണു പൂര്‍ത്തിയായത്. 2019ലാണു വിചാരണ തുടങ്ങിയത്. 153 സാക്ഷികളെ വിസ്തരിച്ചിരുന്നു. ഫോണുകള്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക്‌സ് തെളിവുകളും പ്രോസിക്യൂഷന്‍ ഹാജരാക്കി.

പ്രതികള്‍ രാജ്യത്തിനെതിരെ യുദ്ധം ചെയ്യാന്‍ പദ്ധതിയിട്ടിരുന്നതായും കോടതി വിധിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.രാജ്യാന്തര ഭീകരസംഘടനയായ ഐഎസിന് വേണ്ടി പോരാടാന്‍ വളപട്ടണത്ത് നിന്ന് സിറിയയിലേക്ക് യുവാക്കളെ കടത്താന്‍ ശ്രമിച്ചു എന്നതാണ് ഇവര്‍ക്കെതിരായ കേസ്.
നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തി വളപട്ടണം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ മൂന്നു പ്രതികളുടെ വിചാരണയാണ് പൂര്‍ത്തിയാക്കിയത്

Related Articles

Latest Articles