Monday, May 20, 2024
spot_img

കൂടത്തായി കൊലപാതക പരമ്പര: രണ്ടാം കുറ്റപത്രം സമര്‍പ്പിച്ചു

കൂടത്തായി: കൂടത്തായി കൊലപാതക പരമ്പരയില്‍ രണ്ടാം കുറ്റപത്രം സമര്‍പ്പിച്ചു. ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ ഭാര്യ സിലി കൊലപ്പെട്ട കേസിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഷാജു ഉള്‍പ്പെടെ 165 സാക്ഷികളാണ് കേസിലുള്ളത്. 192 രേഖകളും കുറ്റപത്രത്തില്‍ ഉള്‍പ്പെടുന്നു.

ഗുളികയില്‍ സയനൈഡ് ചേര്‍ത്ത് നല്‍കിയാണ് സിലിയെ ജോളി കൊലപ്പെടുത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ എസ് പി കെ.ജി.സൈമണ്‍ പറഞ്ഞു. സിലിയുടെ മകന്‍ ഇതിന് സാക്ഷിയാണ്. ഗുളിക നല്‍കിയ ശേഷം ജോളിയുടെ ബാഗില്‍ കരുതിയിരുന്ന കുപ്പിയിലെ വെള്ളമാണ് നല്‍കിയതെന്ന് മകന്‍ മൊഴി നല്‍കിയിരുന്നു.

ഇതിനിടെ ഐസ്‌ക്രീം വാങ്ങി കഴിച്ചോളാന്‍ പറഞ്ഞ് ജോളി കുട്ടിക്ക് 50 രൂപ നല്‍കി. അസ്വാഭാവികത തോന്നി കുട്ടി തിരിച്ചുവന്നപ്പോള്‍ സിലി മറിഞ്ഞുവീഴുന്നതാണ് കണ്ടത്. ഇത് കണ്ട് ജോളി ചിരിക്കുകയായിരുന്നുവെന്നും കുട്ടി വ്യക്തമാക്കിയതായി കെ.ജി.സൈമണ്‍ പറഞ്ഞു.

സിലി മരിച്ചു വീണതിന് പിന്നാലെ ജോളി സിലിയുടെ സഹോദരനെ വിളിച്ചു വരുത്തി. താന്‍ തെറ്റുകാരിയല്ലെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു അത്. ദൂരെയുള്ള ആശുപത്രിയിലെത്തിക്കാന്‍ ജോളി നിര്‍ബന്ധം പിടിച്ചു. ജനതാ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഡോക്ടര്‍ സിലിയുടെ വയര്‍ കഴുകുന്നത് ഉള്‍പ്പെടെ ചെയ്തു.

ഹിസ്റ്ററി ഷീറ്റില്‍ വിഷം ഉള്ളില്‍ ചെന്നിരുന്നു എന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് ആരും ഗൗരവത്തിലെടുത്തില്ല. കാര്യമാക്കിയിരുന്നെങ്കില്‍ സിലി ഇന്നും ജീവനോടെ ഉണ്ടാകുമായിരുന്നു. ഇതില്‍ ഡോക്ടറുടെ മൊഴി നിര്‍ണായകമാണെന്നും സൈമണ്‍ പറഞ്ഞു.

സിലി കൊലപാതകത്തില്‍ ഷാജുവിനെതിരെ തെളിവുകളില്ല. ഷാജുവിനെ പോലെയുള്ള ഭര്‍ത്താവിനെ വേണമെന്ന് ജോളി പലരോടും പറഞ്ഞിരുന്നു.സിലി മരിച്ച ശേഷം ആഭരണങ്ങള്‍ കൈപ്പറ്റിയത് ജോളിയാണ്. ഇത് ജോളി ഉപയോഗിച്ചതിന് തെളിവുണ്ട്. കേസില്‍ കൃത്യമായ സാക്ഷികളും തെളിവുകളുമുണ്ടെന്നും കെ.ജി.സൈമണ്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Latest Articles