കണ്ണൂർ: കോഴിക്കോട്ട് ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്‌പ്രസ് ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രാഥമിക അന്വേഷണങ്ങൾക്കായി എൻ ഐ എ രംഗത്ത്. ഇന്ന് എൻ ഐ എ സംഘം കണ്ണൂരിൽ എത്തി കോച്ചുകൾ പരിശോധിക്കുന്നു. ആക്രമണത്തിന് പിന്നിലെ ഭീകരബന്ധം പരിശോധിക്കുകയാണ് ലക്‌ഷ്യം. അതേസമയം ഇത് പ്രാഥമിക പരിശോധനകൾ മാത്രമാണെന്നും ആഭ്യന്തരവകുപ്പിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ അന്വേഷണം ഏറ്റെടുക്കു എന്നും എൻ ഐ എ അറിയിച്ചു. പ്രതിയെക്കുറിച്ച് വ്യക്തമായ സൂചനകൾ അന്വേഷണ സംഘത്തിന് ലഭിച്ചുകഴിഞ്ഞു. റെയിൽവേ പോലീസിന്റെ രണ്ടംഗസംഘം നോയിഡയിൽ എത്തിയിട്ടുണ്ട്.
അതേസമയം ആർപിഎഫ് ഐജി ടി.എം.ഈശ്വരവാവു ഇന്ന് കണ്ണൂരിലെത്തും. തീവയ്പ്പുണ്ടായ ബോഗികൾ പരിശോധിക്കും. ഷാറൂഖ് സെയ്ഫിയുടെ ഫോണ്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.15ന് ഓഫായെന്നു കണ്ടെത്തി. അതിനുശേഷം കേരളത്തിലേക്കു തിരിച്ചെന്നാണ് പൊലീസ് നിഗമനം. ഡല്‍ഹിയിലെ പബ്ലിക് സ്കൂളില്‍ പഠിച്ചതായി ഫെയ്സ്‌ബുക് അക്കൗണ്ടില്‍നിന്നുള്ള വിവരം. ജോലി കാര്‍പെന്ററെന്നും ഫെയ്സ്‌ബുക്കില്‍ പറയുന്നുണ്ട്. ഞായറാഴ്ച രാത്രി 9.27ന് ആലപ്പുഴ–കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിന്റെ ഡി 1 കോച്ചിലെ യാത്രക്കാരുടെ ദേഹത്തേക്കു പ്രതി പെട്രോൾ വീശിയൊഴിച്ചു തീ കൊളുത്തുകയായിരുന്നു. ഫറോക്കിലെത്തുന്നതിനു മുൻപു തന്നെ പ്രതി ട്രെയിനിലുണ്ടായിരുന്നുവെന്നാണു ദൃക്സാക്ഷിമൊഴി. കൈവശം രണ്ടു കുപ്പി പെട്രോൾ ഉണ്ടായിരുന്നുവെന്നും കുപ്പിയുടെ അടപ്പിൽ ദ്വാരങ്ങളുണ്ടായിരുന്നുവെന്നും പറയുന്നു. പെട്രോൾ വീശിയൊഴിച്ചു തീ കൊളുത്തുന്നതുകണ്ട് യാത്രക്കാർ പരിഭ്രാന്തരായി മറ്റു കംപാർട്മെന്റുകളിലേക്കു ചിതറിയോടി. പിന്നീടാണ് കണ്ണൂർ മട്ടന്നൂർ പാലോട്ടുപള്ളി ബദരിയ മൻസിൽ റഹ്മത്ത് (44), റഹ്മത്തിന്റെ സഹോദരി ജസീലയുടെയും കോഴിക്കോട് ചാലിയം കുന്നുമ്മൽ ഷുഹൈബ് സഖാഫിയുടെയും മകൾ സെഹ്റ ബത്തൂൽ (2), മട്ടന്നൂർ കൊടോളിപ്പുറം കൊട്ടാരത്തിൽ പുതിയപുര നൗഫീഖ് (38) എന്നിവരെ ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

