Tuesday, December 23, 2025

എംഎൽഎ എൽദോസ് കുന്നപ്പിള്ളി കുടുങ്ങി; യുവതിയുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പിൽ കേസെടുത്ത് കോവളം പോലീസ്

കോവളം: അധ്യാപികയായ യുവതിയുടെ പരാതിയിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്ത് കോവളം പോലീസ്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് പരാതി നൽകിയത്. സ്ത്രീത്വത്തെ അപമാനിക്കൽ, തട്ടിക്കൊണ്ടുപോകൽ, അതിക്രമിച്ചു കടക്കൽ, മർദ്ദിക്കൽ തുടങ്ങിയ കുറ്റങ്ങൾക്കുള്ള വകുപ്പുകളാണ് എംഎൽക്കെതിരെ ചുമത്തിയിരിക്കുന്നത്.

കോവളം പൊലീസ് സ്ത്രീയുടെ പരാതിയിൽ മൊഴിയെടുത്തതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. മൊഴി രേഖപ്പെടുത്തുന്നതിനിടെ പരാതിക്കാരി കുഴഞ്ഞുവീണു. ഇതോടെ ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇതിനാൽ പൂർണമായി മൊഴിയെടുക്കാൻ കഴിഞ്ഞിട്ടില്ല. ഈ കേസ് ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറും. ക്രൈം ബ്രാഞ്ചാവും എംഎൽഎക്കെതിരെയുള്ള തുടർ നടപടികൾ സ്വീകരിക്കുന്നത്.

ഇന്നലെ വഞ്ചിയൂർ കോടതിയിൽ യുവതി നൽകിയ മൊഴിയുടെ പകർപ്പിനായി പൊലീസ് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഈ മൊഴി കൂടി അടിസ്ഥാനമാക്കി എംഎൽഎക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തും.
ഒന്നര വർഷത്തിലറെയായി എൽദോസുമായി സൗഹൃദമുണ്ടെന്നാണ് ഇന്നലെ വഞ്ചിയൂർ കോടതിയിൽ അധ്യാപിക മൊഴി നൽകിയത്. സൗഹൃദം പിന്നെ മറ്റ് ബന്ധത്തിലേക്ക് മാറി. പല സ്ഥലങ്ങളിൽ തന്നെ കൊണ്ട് പോയി പീഡിപ്പിച്ചു. ഇതിനെല്ലാം തെളിവുണ്ട്. കഴിഞ്ഞ മാസം 14 ന് കോവളം സൂയിസൈഡ് പോയിൻറിന് സമീപത്ത് വെച്ച് തന്നെ ദേഹോപദ്രവം ഏല്പിച്ചുവെന്നും യുവതി ആരോപിക്കുന്നു.

Related Articles

Latest Articles