കോഴിക്കോട് ഭീകരാക്രമണക്കേസ് പ്രതി ഷാരൂഖ് സെയ്ഫിക്കെതിരെ യുഎപിഎ സെക്ഷൻ 16 ചുമത്തിയേക്കുമെന്ന രീതിയിൽ റിപ്പോർട്ടുകൾ പുറത്ത് വന്നതോടെ ജനങ്ങൾക്കിടയിൽ യുഎപിഎ ചർച്ചയാവുകയാണ്. എന്താണ് യുഎപിഎ സെക്ഷൻ 16 ? എന്ത് ശിക്ഷയാണ് പ്രതിക്ക് ഇതിലൂടെ ലഭിക്കുക ? പരിശോധിക്കാം
1967 ൽ നിലവിൽ വന്ന നിയമമാണ് യുഎപിഎ ( അൺലോഫുൾ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട്) അഥവാ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം. ആദ്യം ടാഡ നിയമംഅതിനു ശേഷം POTA എന്നിങ്ങനെ തീവ്രവാദ വിരുദ്ധതയുടെ പേരിൽ നിരവധി നിയമങ്ങൾ നടപ്പിലാക്കപ്പെട്ടുവെങ്കിലുംപ്രതിഷേധങ്ങൾക്കൊടുവിൽ അവയെല്ലാം പിൻവലിക്കപ്പെടുകയാണുണ്ടായത്. 1967 ലെ യുഎപിഎ നിയമം 2004 ൽ ഭേദഗതി ചെയ്താണ് ഇന്ന് കാണുന്ന രീതിയിലെത്തിയത്.
ഇതിലെ സെക്ഷൻ 16 ആണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. തീവ്രവാദ പ്രവർത്തനം നടത്തുകയോ, അതിൽ ജീവഹാനി സംഭവിക്കുകയോ ചെയ്താൽ വധശിക്ഷ വരെ ലഭിക്കാവുന്ന അതീവ ഗുരുതരമായ കുറ്റമാണ് സെക്ഷൻ 16. ഏറ്റവും കുറഞ്ഞത് അഞ്ച് വർഷം വരെ തടവ് ശിക്ഷയും അത് ജീവപര്യന്തം വരെ നീളുകയോ ചെയ്യാം. ഒപ്പം പിഴയും ലഭിക്കും.
ഇതിന് മുൻപ് യുഎപിഎ സെക്ഷൻ 16 ചുമത്തപ്പെട്ടവർ
1990 ൽ നാല് വ്യോമസേനാംഗങ്ങളെ വധിച്ച കേസിൽ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ വ്യക്തിയാണ് യാസിൻ മാലിക്. യാസിൻ മാലിക്കിനെതിരെ അന്നത്തെ അന്വേഷണ സംഘം യുഎപിഎ സെക്ഷൻ 16 ചുമത്തിയിരുന്നു. കേസ് കോടതിയുടെ പരിഗണനയിലാണ്. കോയമ്പത്തൂർ സ്‌ഫോടന കേസിലും പ്രതികൾക്കെതിരെ യുഎപിഎ സെക്ഷൻ 16 ചുമത്തിയിരുന്നു.
ഷാരുഖ് സെയ്ഫിക്കെതിരെയും യുഎപിഎ സെക്ഷൻ 16
ഷാരുഖിനെതിരെ യുഎപിഎ സെക്ഷൻ 16 ചുമത്താനാണ് സാധ്യത. തീവ്രവാദ പ്രവർത്തനം വഴി മരണം സംഭവിക്കുന്ന കുറ്റകൃതമാണ് യുഎപിഎ സെക്ഷൻ 16. വധ ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ് യുഎപിഎ സെക്ഷൻ 16. ഷാരൂഖ് നടത്തിയത് തീവ്രവാദ പ്രവർത്തനമാണെന്ന് തെളിഞ്ഞാൽ ഇയാൾക്കെതിരെയും യുഎപിഎ സെക്ഷൻ 16 ചുമത്തും . ഷാരുഖ് ഏതെങ്കിലും തീവ്രവാദ സംഘവുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

