തിരുവനന്തപുരം: കോഴിക്കോട് ഭീകരാക്രമണക്കേസിൽ നടന്നത് ഭീകരാക്രമണം തന്നെയെന്ന് കേരളാ പോലീസ് റിമാൻഡ് റിപ്പോർട്ടിൽ. കേസന്വേഷണം പ്രാഥമിക ഘട്ടത്തിൽ മാത്രമാണെന്ന് കേരളാ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം പറയുമ്പോഴും ഭീകരാക്രമണമെന്ന നിഗമനത്തിൽ തന്നെയാണ്. അതേസമയം പ്രതിയിൽ നിന്ന് കൂടുതൽ വിവരങ്ങൾ ചോദിച്ചറിയാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. പലവിധ ശാരീരിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യൽ തടസപ്പെടുത്തുകയാണ് പ്രതി ഷാറൂഖെന്നാണ് സൂചന. അതുകൊണ്ടുതന്നെ തെളിവെടുപ്പും വൈകുകയാണ്. തെളിവെടുപ്പ് ഇന്ന് ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. പ്രതിയെ ചോദ്യം ചെയ്യാൻ എൻ ഐ എ യ്ക്കും ഐ ബി യ്ക്കും കേരളാ പോലീസ് അഴിമതി നൽകിയിട്ടില്ല. ഇന്നലെ എൻ ഐ എ ഡി ഐ ജി പ്രതിയെ ചോദ്യം ചെയ്യാനാകാതെ മടങ്ങി. റിമാൻഡ് റിപ്പോർട്ടിൽ ഭീകരാക്രമണമെന്ന് പറഞ്ഞിട്ടും. കേസിൽ യു എ പി എ ചുമത്താത്തത് എന്തുകൊണ്ടെന്നും ചോദ്യം ചെയ്യാൻ കേന്ദ്ര ഏജൻസികളെ അനുവദിക്കാത്തതെന്താനെന്നുമുള്ള ചോദ്യം ബാക്കിയാകുന്നു.
സംഭവം നടന്ന സ്ഥലത്ത് തെളിവെടുപ്പിന് കൊണ്ടുപോകാത്തതിൽ അന്വേഷണ സംഘത്തിനെതിരെ വ്യാപക ആക്ഷേപം ഉയർന്നിരുന്നു. പ്രതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കൽ സംഘം റിപ്പോർട്ട് നൽകിയിട്ടും എന്തുകൊണ്ടാണ് തെളിവെടുപ്പ് വൈകുന്നത്, സംസ്ഥാന പൊലീസിന് തുമ്പൊന്നും കിട്ടുന്നില്ലെങ്കിൽ അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറാൻ വൈകുന്നതെന്താണ് തുടങ്ങിയ ചോദ്യങ്ങളാണ് ഉയരുന്നത്. കേരളാ പോലീസിന്റെ സഹകരണം ഒഴിവാക്കി സമാന്തര അന്വേഷണത്തിലാണ് ഇപ്പോൾ കേന്ദ്ര ഏജൻസികൾ.

