Sunday, June 2, 2024
spot_img

പോർമുഖം തുറന്ന് കൃത്യമായ ലക്‌ഷ്യം നിശ്ചയിച്ച് കേരള രാഷ്ട്രീയത്തിൽ ബിജെപിയുടെ മുന്നേറ്റം; അടിപതറി ഇടത് വലത് മുന്നണികൾ; വിചാരധാര കയ്യിലെടുത്ത് ഇടതുപക്ഷം നടത്തുന്ന പ്രതിരോധം ഫലം കാണുമോ ?

തിരുവനന്തപുരം: ദീർഘകാലാടിസ്ഥാനത്തിൽ പദ്ധതി തയ്യാറാക്കി ചിട്ടയായ സമ്പർക്കം, ചർച്ചകൾ, ആശയവിനിമയം. ആർ എസ് എസിന്റെ പിന്തുണയും ആശീർവാദവും സമാന്തര ചർച്ചകളും. തോളോട് തോൾ ചേർന്ന് ദേശീയ നേതൃത്വം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പോടെ ഇടത് വലത് മുന്നണികൾ ബിജെപിയെ ഉള്ള അക്കൗണ്ട് പൂട്ടിച്ച് എഴുതിത്തള്ളിയപ്പോൾ ഇനി ക്രോസ്സ് വോട്ട് ചെയ്‌ത്‌ മുന്നണികൾക്ക് അകറ്റി നിർത്താൻ കഴിയാത്ത വിധമുള്ള ജനപിന്തുണയാർജ്ജിക്കാൻ ബിജെപി ശ്രമം തുടരുകയായിരുന്നു. ഒടുവിൽ വിവിധ ക്രൈസ്തവ സഭകളും മത മേലദ്ധ്യക്ഷന്മാരും ബിഷപ്പുമാരും പരസ്യമായി തന്നെ ബിജെപിയെ പിന്തുണച്ച് രംഗത്ത് വരുമ്പോൾ ബിജെപിയുടെ മിഷൻ കേരള വിജയത്തോടടുക്കുന്നു എന്ന് പറയാവുന്ന ഘട്ടത്തിലാണ്. തലശ്ശേരി ബിഷപ്പ് പാംപ്ലാനി തുടങ്ങിവച്ച കതിനവെടി ഇന്ന് മാർ യൂലിയോസ്‌ മെത്രോപ്പൊലീത്തയിൽ എത്തിനിൽക്കുന്നു. ഇന്നലെ ബിജെപി സംസ്ഥാന കോർ കമ്മിറ്റി പുനഃസംഘടിപ്പിച്ച് അൽഫോൻസ് കണ്ണന്താനത്തിനെ ഉൾപ്പെടുത്തി. കേന്ദ്ര റബ്ബർ ബോർഡ് ചെയർമാൻ ഇന്നലെ പാംപ്ലാനിയെ സന്ദർശിച്ചു. റബ്ബർ ബോർഡ് അംഗം എൻ ഹരി മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ കുന്നംകുളം ഭദ്രാസന മെത്രാ പോലീത്തയും യുവജന പ്രസ്ഥാനത്തിന്റെ പ്രസിഡന്റുമായ.ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്തയുമായി കൂടിക്കാഴ്ച നടത്തി. ക്രൈസ്തവ നേതാക്കളുമായുള്ള ചർച്ചകൾ ഇനി അൽഫോൻസ് കണ്ണന്താനവും ജോർജ് കുര്യനും ഏകോപിപ്പിക്കും.

ബിജെപി യുടെ ഈ രാഷ്ട്രീയ നീക്കത്തിന് തടയിടാൻ എൽ ഡി എഫും യു ഡി എഫും മറുതന്ത്രങ്ങൾ മെനയാൻ കൂടിയാലോചനകൾ തുടങ്ങി. വിചാരധാര കയ്യിലെടുത്ത് പ്രതിരോധിക്കാനുള്ള ഇടത് തന്ത്രങ്ങളെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ തന്നെ ഇന്നലെ പൊളിച്ചടുക്കി. വിവിധ ക്രൈസ്തവ നേതാക്കൾ പരസ്യമായി തന്നെ ബിജെപിയെ പിന്തുണച്ച് രംഗത്ത് വന്നപ്പോഴാണ്, അടുത്തതായി കേരളവും പിടിക്കുമെന്ന പ്രധാനമന്ത്രിയുടെ വാക്കുകളെ വിലകുറച്ച് കാണരുതായിരുന്നെന്ന ബോധ്യം മുന്നണികൾക്കുണ്ടായത്. കെ മുരളീധരന്റെ പ്രസ്താവന അത് വ്യക്തമാക്കുന്നതായിരുന്നു. ഈസ്റ്റർ ദിനത്തിൽ ബിജെപി നടത്തിയ അരമന സന്ദർശനങ്ങൾ കേരളരാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്കുള്ള തുടക്കമായി.

ഗുജറാത്തില്‍ സഭ നടത്തുന്ന നിരവധി സ്‌കൂളുകള്‍ ഉണ്ട് ,പതിനായിരക്കണക്കിന് കുട്ടികള്‍ക്ക് അടിസ്ഥാനപരമായും ഉന്നത നിലവാരത്തിലും മികച്ച വിദ്യാഭ്യാസം നല്‍കുന്ന സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന കാലം മുതല്‍ മോദിജി മികച്ച പിന്തുണയും സഹായവും നല്‍കിയിരുന്നെന്നാണ് ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത പറഞ്ഞത്. രാജ്യത്ത് നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ആര്‍ക്കും കണ്ടില്ലന്നു നടിക്കാനാവില്ല.പണം വാങ്ങി അസത്യങ്ങള്‍ എഴുതിവിടുന്ന ചുരുക്കം ചില മാധ്യമങ്ങള്‍ മാത്രമാണ് രാജ്യത്തു നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ കാണാതെ പോകുന്നതും ചിലര്‍ വികസന പദ്ധതികള്‍ തങ്ങളുടെ ചിത്രം വെച്ച് തങ്ങളുടേതായി പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചു. ഉത്തരേന്ത്യയില്‍ നടക്കുന്ന ന്യുനപക്ഷങ്ങള്‍ക്ക് മേലുള്ള അക്രമങ്ങള്‍ക്കെല്ലാം മോദിയോ ബിജെപിയോ ആണ് ഉത്തരവാദികള്‍ എന്ന കാഴ്ചപ്പാടും വ്യക്തിപരമായി തനിക്കില്ല. മത നിരപേക്ഷതയും വിവിധ ഭാഷകളും വൈവിധ്യങ്ങളും ഉള്ള രാജ്യമാണ് ഭാരതം. ബഹുസ്വരതയുള്ള നാട്ടിൽ ചില ഉരസലുകൾ ഉണ്ടാകാം.പക്ഷെ മുന്‍വിധിയോട് കൂടി അതിനെ സമീപിക്കുന്നത് ശരിയല്ല..ആരെങ്കിലും എന്തെങ്കിലും കാണിച്ചാൽ അത് മുഴുവൻ മോദിയാണ്, ബിജെപിയാണ് എന്ന് ചാപ്പകുത്തുന്നതിനോട് തനിയ്ക്കും സഭയ്ക്കും യോജിപ്പില്ലെന്നും മെത്രാപ്പൊലീത്ത ഗീവർഗീസ് മാർ യൂലിയോസ് കൂട്ടിച്ചേർത്തു. ന്യുനപക്ഷ വോട്ടുബാങ്കുകൾ കൊണ്ട് പരസ്‌പരം ഒത്തുകളിച്ച് ബിജെപിയെ പരാജയപ്പെടുത്തിക്കൊണ്ടിരുന്ന മുന്നണികളുടെ നെഞ്ചിൽ തറക്കുന്ന വാക്കുകളാണിത്.

എന്തായാലും സംസ്ഥാനത്ത് ബിജെപി അജണ്ട സെറ്റ് ചെയ്‌ത്‌ കഴിഞ്ഞു. ഈസ്റ്റർ ദിനത്തിൽ ക്രിസ്ത്യൻ ദേവാലയം സന്ദർശിച്ച് പ്രധാനമന്ത്രി മോദി നൽകിയത് ശക്തമായ പിന്തുണയാണ്. അതിനും ദിവസങ്ങൾക്ക് മുമ്പ് അടുത്തത് കേരളമാണെന്ന ലക്‌ഷ്യം പ്രഖ്യാപിച്ചതും മോദിതന്നെ. എല്ലാ ദിശയിലേക്കും ആയുധങ്ങൾ തിരിച്ചുവച്ചശേഷം മോദി കേരളത്തിലേയ്ക്ക് വരികയാണ്. സാക്ഷാൽ എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണിയടക്കമുള്ള നേതാക്കൾ പുതുമുഖങ്ങൾ അണിനിരന്നുകഴിഞ്ഞു. ബിജെപിയുടെ പുറകേയോടാൻ ഇനി ഇടത് വലത് മുന്നണികളുടെ പെടാപാട് കേരളം കാണാൻപോകുന്നതേയുള്ളു

Related Articles

Latest Articles