കോഴിക്കോട്: കളമശ്ശേരി യഹോവ സാക്ഷികളുടെ സമ്മേളനത്തിൽ പൊട്ടിച്ചതുപോലെ കോഴിക്കോട്ടും സ്ഫോടനം നടത്തുമെന്ന് മാവോയിസ്റ്റുകളുടെ ഭീഷണി. സിപിഐ(എം.എൽ)-ന്റെ പേരിലാണ് കോഴിക്കോട് ജില്ലാ കളക്ടർ സ്നേഹിൽകുമാർ സിംഗിന് ഭീഷണിക്കത്ത് ലഭിച്ചത്.
കൊച്ചിയിലെ പോലെ കോഴിക്കോടും സ്‌ഫോടനം നടത്തും. പിണറായി പോലീസിന്റെ വേട്ട തുടർന്നാൽ കോഴിക്കോടും പൊട്ടുമെന്നാണ് കത്തിൽ പറയുന്നത്. വ്യാജ കമ്യൂണിസ്റ്റുകൾ വേട്ടയാടിയാൽ ശക്തമായി തിരിച്ചടിക്കും. പിണറായി പോലീസിന്റെ വേട്ട തുടർന്നാൽ തിരിച്ചടിയുണ്ടാകുമെന്നും കത്തിൽ പറയുന്നു. കത്ത് നടക്കാവ് പോലീസിന് കൈമാറി. ഗൗരവമുള്ള വിഷയമാണെന്നും രഹസ്യാന്വേഷണസംഘം അന്വേഷണം നടത്തി വരികയാണെന്നുമാണ് വിവരം.
കുറച്ചു ദിവസങ്ങൾക്ക് മുൻപ് കണ്ണൂരിലും വയനാട്ടിലും പോലീസുകാരും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. വയനാട്ടിലെ പേരിയയ്ക്കു സമീപമുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു മാവോയിസ്റ്റുകളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മാവോയിസ്റ്റുകൾ തലശ്ശേരിയിൽനിന്നും കോഴിക്കോട്ട് വന്നിറങ്ങിയതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും ലഭിച്ചിട്ടുണ്ട്.

