Wednesday, December 17, 2025

ഇടതുപക്ഷം നടത്തുന്നത് ഗുണ്ടാ രാഷ്ട്രീയം !ഒരുഭാഗത്ത് കര്‍ഷകരുടെ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുത്തുമ്പോള്‍ മറുഭാഗത്ത് ദുര്‍വ്യയത്തിനായി സര്‍ക്കാര്‍ കോടികള്‍ ചെലവഴിക്കുന്നു! സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അദ്ധ്യക്ഷന്‍ കെ. സുധാകരന്‍

കണ്ണൂര്‍ : കര്‍ഷകരുടെ പ്രശ്നങ്ങൾ തുറന്നു പറഞ്ഞ നടൻ ജയസൂര്യക്കെതിരേ സൈബര്‍ പോരാളികള്‍ നടത്തുന്ന യുദ്ധം ഭീകരമാണെന്നും ഗുണ്ടാ രാഷ്ട്രീയമാണ് ഇടതുപക്ഷം നടത്തുന്നതെന്നുമുള്ള ആരോപണവുമായി കെപിസിസി അദ്ധ്യക്ഷന്‍ കെ. സുധാകരന്‍ രംഗത്ത് വന്നു. ഒരുഭാഗത്ത് കര്‍ഷകരുടെ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുത്തുമ്പോള്‍ മറുഭാഗത്ത് ദുര്‍വ്യയത്തിനായി സര്‍ക്കാര്‍ കോടികള്‍ ചെലവഴിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

“കര്‍ഷകര്‍ക്ക് കോടികള്‍ നല്‍കാന്‍ ബാക്കിയുണ്ട്. സബ്‌സിഡിയും മറ്റ് ആനുകൂല്യങ്ങളും നല്‍കുമെന്ന് പറയുന്നതല്ലാതെ നല്‍കുന്നില്ല. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ പരിപാടിയില്‍വെച്ചുതന്നെ ജയസൂര്യ കര്‍ഷകരെക്കുറിച്ച് പറഞ്ഞത് അത് അവര്‍ ഉള്‍ക്കൊണ്ട് തിരുത്താനാണ്. അതിനുപകരം വിമര്‍ശനമല്ല വേണ്ടത്. ജയസൂര്യക്കെതിരേ സൈബര്‍ പോരാളികള്‍ നടത്തുന്ന യുദ്ധം അത്രമേല്‍ ഭീകരമാണ്. ഗുണ്ടാ രാഷ്ട്രീയമാണ് ഇടതുപക്ഷം നടത്തുന്നത്.

ഒരുഭാഗത്ത് കര്‍ഷകരുടെ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുത്തുമ്പോള്‍ മറുഭാഗത്ത് ദുര്‍വ്യയത്തിനായി സര്‍ക്കാര്‍ കോടികള്‍ ചെലവഴിക്കുന്നു. ഹെലിക്കോപ്ടറില്‍ യാത്ര ചെയ്യാന്‍ പ്രതിമാസം 80 ലക്ഷം രൂപയാണ് നീക്കിവെക്കാന്‍ തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ സുരക്ഷ ഇരട്ടിയാക്കി. നാന്നൂറോളം പോലീസുകാര്‍ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി നില്‍ക്കാന്‍ പോവുന്നു. രണ്ടുലക്ഷത്തിലേറെ ശമ്പളം വാങ്ങുന്ന നൂറിലേറെ ആളുകള്‍ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കുവേണ്ടി മാത്രം പ്രവര്‍ത്തിക്കുന്നു.

മുഖ്യമന്ത്രി യാത്രചെയ്യുന്ന ട്രെയിനിന് റെയിലിന്റെ ഓരോ കിലോമീറ്റര്‍ പരിധിയിലും രണ്ടുപോലീസുകാരെ രണ്ട് വശങ്ങളിലായി കാവല്‍ നിര്‍ത്തുന്നു. യാത്ര ചെയ്യുന്ന ട്രെയിനിന് പോലീസിന്റെ സംരക്ഷണമെന്തിനാണ്? മുഖ്യമന്ത്രിയുടെ തലയ്ക്ക് വല്ല കുഴപ്പവും ഉണ്ടോ” സുധാകരന്‍ ചോദിച്ചു.

Related Articles

Latest Articles