കണ്ണൂർ : തൃശൂരിൽ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിൽ നിന്നും 18 ലക്ഷത്തിലധികം രുപ വിലവരുന്ന സ്വർണം കണ്ടെത്തി.ഒരു സ്വർണ ബിസ്‌ക്കറ്റ്, അഞ്ച് സ്വർണക്കട്ടികൾ എന്നിവയാണ് കണ്ടെത്തിയത്.
395 ഗ്രാം സ്വർണം അടങ്ങിയ പൊതി ആയിട്ടാണ് സൂക്ഷിച്ചിരുന്നത്.പൊതി അധികൃതർ കണ്ണൂർ ടൗൺ പോലീസിന് കൈമാറി.തിങ്കളാഴ്ച ഉച്ചയ്‌ക്ക് തൃശൂരിൽ നിന്നും പുറപ്പെട്ട ബസിലാണ് സംഭവം.
ബസ് കോട്ടയ്‌ക്കൽ കഴിഞ്ഞപ്പോഴാണ് പൊതി യാത്രക്കാരന്റെ ശ്രദ്ധയിൽപ്പെട്ടത്. പിന്നാലെ ഇയാൾ വിവരം കണ്ടക്ടറെ അറിയിച്ചു. ആരെങ്കിലും മറന്ന് വച്ചതാവാം എന്നാണ് ആദ്യം ഇരുവരും കരുതിയിരുന്നത്. പൊതി തുറന്നപ്പോഴാണ് സ്വർണമാണെന്ന് ഇവർ തിരിച്ചറിഞ്ഞത്. തുടർന്ന് കണ്ടക്ടർ വിവരം കെഎസ്ആർടിസി അധികൃതരെ അറിയിച്ചു. ബസ് കണ്ണൂരിൽ എത്തിയ ഉടനെ വിഷയം ടൗൺ പോലീസിനെയും അധികൃർ അറിയിക്കുകയായിരുന്നു.
അടുത്ത ദിവസം രാവിലെ ഇവ ജ്വല്ലറിയിൽ എത്തിച്ച് പരിശോധിച്ച് സ്വർണമാണെന്ന് അധികൃതർ ഉറപ്പ് വരുത്തി. അതിനുശേഷം സ്വർണം പോലീസിന് കൈമാറി. ഇതിനിടെ സ്വർണത്തിന്റെ അവകാശവാദവുമായി ഒരു സംഘം സ്‌റ്റേഷനിൽ എത്തിയിരുന്നു. എന്നാൽ സ്വർണം കോടതിക്ക് കൈമാറുമെന്ന് പോലീസ് അറിയിച്ചു.

