Saturday, December 20, 2025

ഡ്രൈവർമാരുടെ കുറവ്: കെഎസ്ആർടിസിയുടെ സര്‍വ്വീസുകൾ ഇന്നും മുടങ്ങി

തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസിയുടെ 35 സര്‍വ്വീസ് മുടങ്ങി. എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ടത് മൂലമുണ്ടായ ഡ്രൈവര്‍മാരുടെ കുറവുകാരണമാണ് സര്‍വീസുകള്‍ മുടങ്ങാന്‍ കാരണം. ഇന്ന് മുടങ്ങിയ സര്‍വ്വീസുകളില്‍ ഗ്രാമീണ സര്‍വ്വീസുകളാണ് മുടങ്ങിയവയില്‍ ഏറെയും.

മധ്യകേരളത്തില്‍ സ്വകാര്യ ബസ് സര്‍വീസുകള്‍ കൂടുതലുള്ളതിനാല്‍ കാര്യമായി യാത്രാദുരിതമുണ്ടായില്ല. വടക്കന്‍ കേരളത്തില്‍ ആകെ 50 സര്‍വ്വീസുകള്‍ തടസപ്പെട്ടു. കാസര്‍കോട് നിന്നുള്ള 9 അന്തര്‍സംസ്ഥാന സര്‍വ്വീസും മുടങ്ങിയവയില്‍പെടുന്നു.

സര്‍വീസുകള്‍ താറുമാറായതോടെ ഇന്ന് അവധിയുള്ളവരോട് തിരിച്ച് ജോലിക്ക് എത്തണമെന്നും സര്‍വ്വീസുകള്‍ മുടങ്ങാതെ ക്രമീകരണം നടത്താന്‍ മാനേജ്‌മെന്റ് സോണല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. അവധിയില്‍ നിന്ന് തിരിച്ചെത്തിയ ജീവനക്കാരെ ഡബിള്‍ ഡ്യൂട്ടി നല്‍കി വിന്യസിക്കാനാണ് തീരുമാനം.

സംസ്ഥാനമാകെ 600 ലേറെ സര്‍വീസുകളാണ് ഇന്നലെ മുടങ്ങിയത്. ദീര്‍ഘദൂര സര്‍വീസുകളിലും എസി സര്‍വീസുകളിലും താല്‍ക്കാലിക ഡ്രൈവര്‍മാരില്ലാത്തതിനാല്‍ ഈ സര്‍വീസുകള്‍ മുടങ്ങില്ല.

സുപ്രീംകോടതി അനുവദിച്ച സമയം കഴിഞ്ഞതോടെ 2,108 താല്‍ക്കാലിക ഡ്രൈവര്‍മാരെയാണ് കെഎസ്ആര്‍ടിസി കഴിഞ്ഞദിവസം പിരിച്ചുവിട്ടത്. പിഎസ് സി റാങ്ക് പട്ടികയിലുള്ളവരുടെ പരാതിയിലായിരുന്നു കൂട്ട പിരിച്ചുവിടലിന് കോടതി നിര്‍ദ്ദേശം നല്‍കിയത്.

Related Articles

Latest Articles