ആലപ്പുഴ: രാജ്യസഭയിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യത്തിലൂടെ അഭിപ്രായ പ്രകടനം നടത്തിയതിന് കെ എസ് യു സംസ്ഥാന പ്രസിഡന്റിന് സസ്‌പെൻഷൻ. കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് ആര്‍.വി. സ്‌നേഹയെ ആണ് എന്‍.എസ്.യു.(ഐ.) ദേശീയ സെക്രട്ടറി ഷൗര്യവീര്‍ സിങ് സംഘടനയിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്. സംസ്ഥാന ഘടകത്തില്‍നിന്നുള്ള പരാതിയെത്തുടര്‍ന്നാണ് നടപടി. രാജ്യസഭയിലേക്ക് ബിന്ദുകൃഷ്ണ മതിയായിരുന്നെന്നാണ് സ്‌നേഹ സമൂഹ മാധ്യമങ്ങളിലൂടെ അഭിപ്രായപ്പെട്ടത്.
എന്നാൽ പുറത്താക്കിയത് വിശദീകരണം കേള്‍ക്കാതെയും ഏകപക്ഷീയമായാണെന്നും സ്‌നേഹ കുറ്റപ്പെടുത്തി. ചിലര്‍ക്കെതിരേ മാത്രമേ നടപടിയുള്ളൂ. കഴിഞ്ഞദിവസം ഒരു കെ.പി.സി.സി.സി. അംഗം രമേശ് ചെന്നിത്തലയെ ആക്ഷേപിച്ചു. നടപടിയുണ്ടായില്ല. അഞ്ചുവര്‍ഷം മുന്‍പ് നിലവില്‍ വന്ന സംസ്ഥാന കമ്മിറ്റിയാണ് കെ.എസ്.യു.വിനുള്ളത്. ഈ കമ്മിറ്റി പരിച്ചുവിടണമെന്ന് ഒരുമാസം മുന്‍പു ചേര്‍ന്ന സംസ്ഥാനകമ്മിറ്റിയില്‍ ആവശ്യപ്പെട്ടിരുന്നു. അന്നു താന്‍ രാജിസന്നദ്ധത അറിയിച്ചിരുന്നു- സ്‌നേഹ പറഞ്ഞു. പത്തുവര്‍ഷമായി കെ.എസ്.യു.വിന്റെ സമരരംഗങ്ങളിലെ സ്ഥിരസാന്നിധ്യമാണ് സ്നേഹ . ഹരിപ്പാട് സുബ്രഹ്മണ്യസ്വാമീക്ഷേത്രനടയില്‍ അമ്മയ്‌ക്കൊപ്പം തട്ടുകട നടത്തുന്ന സ്നേഹ ബിരുദാനന്തരബിരുദധാരിയും, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്തംഗവുമാണ്.

