Thursday, January 1, 2026

തോറ്റ ബിടെക്ക് വിദ്യാര്‍ത്ഥിയെ ജയിപ്പിക്കാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ ഇടപെട്ടെന്ന് ഗവര്‍ണ്ണര്‍ക്ക് പരാതി

തിരുവനന്തപുരം: പരീക്ഷയില്‍ തോറ്റ ബിടെക്ക് വിദ്യാര്‍ത്ഥിയെ ജയിപ്പിക്കാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ ഇടപെട്ടെന്ന് കാണിച്ച് ഗവര്‍ണ്ണര്‍ക്ക് പരാതി. അദാലത്തില്‍ പ്രത്യേക കേസായി പരിഗണിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടതിന്റെ രേഖകള്‍ സഹിതമാണ് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റിയുടെ പരാതി. 29മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥിക്ക് അവസാനപുനര്‍മൂല്യ നിര്‍ണ്ണയത്തില്‍ 48 മാര്‍ക്കാണ് കിട്ടിയത്.

കൊല്ലം ടികെഎം എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ശ്രീഹരിക്ക് വേണ്ടിയാണ് മന്ത്രി ജലീല്‍ ഇടപെട്ടുവെന്ന ആരോപണം. അഞ്ചാം സെമസ്റ്റര്‍ ഡൈനാമിക്‌സ് ഓഫ് മെഷനറീസ് പരീക്ഷക്ക് ശ്രീഹരിക്ക് കിട്ടിയിത് 29 മാര്‍ക്ക്. പുനര്‍മൂല്യനിര്‍ണ്ണയത്തിന് ശേഷം 32 മാര്‍ക്ക് ലഭിച്ചെങ്കിലും ജയിക്കാന്‍ വേണ്ടത് 45 മാര്‍ക്ക്. വീണ്ടും മൂല്യനിര്‍ണ്ണയത്തിന് അപേക്ഷിച്ചെങ്കിലും ചട്ടം അനുവദിക്കുന്നില്ലെന്ന് സാങ്കേതിക സര്‍വ്വകലാശാല മറുപടി നല്‍കി.

ഇതോടെയാണ് മന്ത്രിയെ നേരിട്ട് സമീപിച്ചത്. 2018 ഫെബ്രുവരി 27ന് ചേര്‍ന്ന അദാലത്തില്‍ മന്ത്രി കെ ടി ജലീല്‍ നേരിട്ട് പങ്കെടുത്തു. വിഷയം പ്രത്യേകം കേസായി പരിഗണിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. മന്ത്രിയുടെ നിര്‍ദ്ദേശത്തിന് പിന്നാലെയുള്ള പുനര്‍മൂല്യ നിര്‍ണ്ണയത്തില്‍ 32മാര്‍ക്ക് 48 ആയി കൂടി. തോറ്റ പേപ്പറില്‍ ശ്രീഹരി ജയിച്ചു.

ഉത്തരക്കടലാസും ,അദാലത്തിലെ മിനിട്‌സും അടക്കം ബന്ധപ്പെട്ട രേഖകള്‍ സഹിതമാണ് ഗവര്‍ണ്ണര്‍ക്ക് പരാതി നല്‍കിയത്.

Related Articles

Latest Articles