Wednesday, May 22, 2024
spot_img

മഹാരാഷ്ട്ര, ഹരിയാന തിരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിച്ചു: ഒക്ടോബര്‍ 21-ന് തിരഞ്ഞെടുപ്പ്, വോട്ടെണ്ണല്‍ ഒക്ടോബര്‍ 24-ന്; കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് ഒക്ടോബര്‍ 21 ന്

ദില്ലി: രണ്ട് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളും വിവിധ സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളും പ്രഖ്യാപിച്ചു. മഹാരാഷ്ട്രയിലും ഹരിയാനയിലും ഒക്ടോബര്‍ 21-നാണ് തിരഞ്ഞെടുപ്പ്. ഇരുസംസ്ഥാനങ്ങളിലും വോട്ടെണ്ണല്‍ 24-നാണ്.

കേരളത്തിലെ അഞ്ച് മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് അടുത്തമാസം 21 ന് നടക്കും . കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് തീയതി പ്രഖ്യാപിച്ചത്. വട്ടിയൂര്‍കാവ് , കോന്നി, അരൂര്‍ , എറണാകുളം , മഞ്ചേശ്വരം നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത് . ഒക്ടോബര്‍ 24 നാണ് ഫലപ്രഖ്യാപനം. രാഷ്ട്രീയ കേരളത്തില്‍ വലിയ ചലനങ്ങളുണ്ടാക്കാവുന്ന ഉപതെരഞ്ഞെടുപ്പ് തീയതിയായതോടെ കേരളം പോരാട്ട ചൂടിലേക്ക് നീങ്ങുകയാണ്.

ദില്ലിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയാണ് തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചത്.

മഹാരാഷ്ട്രയില്‍ ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ചെറിയ സംസ്ഥാനമായതിനാല്‍ ഹരിയാനയിലെ തിരഞ്ഞെടുപ്പ് ഒറ്റഘട്ടത്തില്‍ത്തന്നെ പൂര്‍ത്തിയാക്കും.

വിജ്ഞാപനം -സെപ്റ്റംബര്‍ 27, പത്രികാസമര്‍പ്പണം – ഒക്ടോബര്‍ 4, സൂക്ഷ്മപരിശോധന – ഒക്ടോബര്‍ 5, പിന്‍വലിക്കാനുള്ള അവസാനതീയതി – ഒക്ടോബര്‍ 7, വോട്ടെടുപ്പ് – ഒക്ടോബര്‍ 21, വോട്ടെണ്ണല്‍ -ഒക്ടോബര്‍ 24.

എംഎല്‍എമാര്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇറങ്ങിയതോടെയാണ് വട്ടിയൂര്‍കാവ് , കോന്നി, അരൂര്‍, എറണാകുളം മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. അരൂര്‍ ഒഴികെ ബാക്കിയെല്ലാം യുഡിഎഫിന്‍റെ സിറ്റിംഗ് സീറ്റാണ്.

18 സംസ്ഥാനങ്ങളിലായി 64 മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പാണ് ഒറ്റഘട്ടമായി നടത്തുന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഇന്നത്തോടെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും നിലവില്‍ വരും.

ഉപതിരഞ്ഞെടുപ്പുകള്‍ നടക്കുന്ന സംസ്ഥാനങ്ങള്‍:
അരുണാചല്‍ – 1, അസം – 4, ബിഹാര്‍ – 5 (ഒരു ലോക്‌സഭാ തിരഞ്ഞെടുപ്പ്), ഛത്തീസ്ഗഢ് – 1, കേരളം – 5, ഗുജറാത്ത് – 4, ഹിമാചല്‍പ്രദേശ് – 2, കര്‍ണാടക – 15, മധ്യപ്രദേശ് – 1,മേഘാലയ – 1, ഒഡിഷ – 1, പുതുച്ചേരി – 1, പഞ്ചാബ് – 4, രാജസ്ഥാന്‍ – 2, സിക്കിം – 3, തമിഴ്‌നാട് – 2, തെലങ്കാന – 1, ഉത്തര്‍പ്രദേശ് – 11

Related Articles

Latest Articles