Saturday, May 4, 2024
spot_img

തൊഴിലാളി നേതാവ്, യാത്ര ആഡംബര വാഹനങ്ങളിൽ,കൂപ്പർ വിപ്ലവം ജയിക്കട്ടെ !

അൻപത് ലക്ഷത്തിന്‍റെ മിനികൂപ്പർ സ്വന്തമാക്കി കൊച്ചിയിലെ സിഐടിയു വിവാദ നേതാവ് പി.കെ അനിൽകുമാർ. സ്വത്ത് സമ്പാദനത്തിൽ വിമർശനം നേരിടുമ്പോഴാണ് പെട്രോളിയം ആന്‍റ് ഗ്യാസ് വർക്കേഴ്സ് യൂണിയൻ നേതാവായ അനിൽകുമാർ ആഡംബര കാർ വാങ്ങിയതും ഇപ്പോൾ ചർച്ചയാകുന്നത്. ഇൻഡ്യൻ ഓയിൽ കോർപ്പറേഷൻ ഉദ്യോഗസ്ഥയായ ഭാര്യയാണ് കാർ വാങ്ങിയതെന്നാണ് പി കെ അനിൽകുമാറിന്‍റെ വിശദീകരണം. എന്നാൽ നിരവധിപേരാണ് അനിൽകുമാർ ആഡംബര കാർ വാങ്ങിയതിൽ പ്രതികരണവുമായി രംഗത്തെത്തുന്നത്. മർദ്ദിതർക്കും ചൂഷിതർക്കും വേണ്ടി അഹോരാത്രം പോരാടുന്ന, അടിസ്ഥാന വർഗ്ഗങ്ങൾക്കും തൊഴിലാളി സമൂഹത്തിനും വേണ്ടി ഉണ്ണാതെ, ഉറങ്ങാതെ പ്രവർത്തിക്കുന്ന കമ്മി ഊണിസ്റ്റ് ഊണിയൻ നേതാവിന്റെ ലളിത ജീവിതത്തിന്റെ ലേറ്റസ്റ്റ് ചിത്രം ആണിത് എന്ന് പരിഹസിച്ചുകൊണ്ടാണ് എഴുത്തുകാരിയും അധ്യാപികയുമായ അഞ്ചു പാർവതി പ്രഭീഷ് ഫേസ്ബുക്കിൽ അനിൽകുമാർ ആഡംബര കാർ വാങ്ങുന്നതിന്റെ ചിത്രം പങ്കുവച്ചിരിക്കുന്നത്.

കമ്മ്യൂണിസ്റ്റ് കേരളം വല്ലാതെ വികസിക്കുകയാണ്. ഒപ്പം ഇടത് തൊഴിലാളി യൂണിയനുകളും. തോൾ സഞ്ചിയും തൂക്കി വില കുറഞ്ഞ ഷർട്ടും മുണ്ടും ധരിച്ച് ചെരിപ്പിടാതെ മുറി ബീഡിയും വലിച്ചു തൊണ്ട പൊട്ടുന്ന ഉച്ചത്തിൽ തൊഴിലാളികൾക്ക് വേണ്ടി രണ ചരിതം പാടിയ വെറും സാധാരണക്കാരനായ തൊഴിലാളി പ്രതിനിധിയിൽ നിന്ന്, അധികാരം പിടിച്ചു വാങ്ങി തൊഴിലാളികളെ ചൂഷണം ചെയ്ത് കോടികൾ വിലവരുന്ന ആഡംബരകാറിൽ മീറ്ററിനു ആയിരങ്ങൾ വിലയുള്ള ഷർട്ടും ബ്രാൻഡഡ്‌ ഷൂസും ധരിച്ച് നില്ക്കുന്ന വി ഐ പി പ്രതിനിധിയിലേയ്ക്ക് വികസനം പ്രാപിച്ച തൊഴിലാളിവർഗ്ഗ പ്രസ്ഥാനമാണ് ഇന്ന് കമ്മ്യൂണിസമെന്നു അഞ്ചു പാർവതി പറയുന്നു. തൊഴിലാളികളെ നിങ്ങൾക്ക് ഒരു കാര്യം ഉറപ്പിക്കാം. ഒരു കമ്മ്യൂണിസ്റ്റ് യൂണിയൻ നേതാവ് ഒരിക്കലും നിങ്ങളെ മറ്റൊരാൾ ചൂഷണം ചെയ്യാൻ അനുവദിക്കില്ല. കാരണം അവർക്ക് പരമാവധി പിഴിഞ്ഞ് എടുത്ത് ചൂഷണം ചെയ്ത് ചണ്ടിയാക്കി മാറ്റാൻ അവർ മാറ്റി വച്ചിരിക്കുന്ന കരിമ്പിൻ തുണ്ടുകൾ ആണ് നിങ്ങൾ എന്നാണ് അഞ്ചു പാർവതി പരിഹസിക്കുന്നത്.

അത് ശരിയാണ്. തൊഴിലാളി നേതാവാണെങ്കിലും അനിൽ കുമാറിന്റെ യാത്ര ആഡംബര വാഹനങ്ങളിലാണ്. സിഐടിയുവിന് കീഴിലുള്ള കേരള പെട്രോളിയം ആൻറ് ഗ്യാസ് വർക്കേഴ്‌സ് യൂണിയൻ സംസ്ഥാന സെക്രട്ടറിയായ അനിൽകുമാർ വാഹനം സ്വന്തമാക്കിയതിന്റെ ചിത്രങ്ങൾ പ്രചരിച്ചതോടെയാണ് നേതാവിന്റെ ആഡംബര ജീവിതം വീണ്ടും ചർച്ചയായത്. എന്നാൽ വാഹനം വാങ്ങിയത് താനല്ലെന്നാണ് പി കെ അനിൽകുമാർ ആവർത്തിച്ചു പറയുന്നത്. അതേസമയം അനിൽകുമാർ ആഡംബര കാർ സ്വന്തമാക്കിയതിൽ താനൊന്നും അറിഞ്ഞിട്ടില്ലേ രാമനാരായണ എന്ന നിലപാടിലാണ് സിഐടിയു നേതൃത്വം. ഇതുവരെ പരാതി കിട്ടിയിട്ടില്ലെന്നും എന്നാൽ ഇക്കാര്യം പരിശോധിക്കുമെന്നുമാണ് സിഐടിയു നേതൃത്വം പറഞ്ഞിരിക്കുന്നത്. മിനി കൂപ്പറിന് പുറമെ ടോയോട്ട ഇന്നോവ, ഫോർച്യൂണർ വാഹനങ്ങളും അനിൽകുമാർ സ്വന്തമാക്കിയിട്ടുണ്ട്. ഇത് യൂണിയൻ നേതാവിന്റെ സ്വന്തം പേരിലാണ്. വാഹന ഉടമസ്ഥതയെ കുറിച്ചുള്ള വിശദാംശങ്ങൾ അനിൽകുമാറിനോട് ചോദിച്ചപ്പോൾ ഇതൊന്നും നിങ്ങളോട് വിശദമാക്കേണ്ട കാര്യമില്ലെന്നായിരുന്നു അനിൽ കുമാറിന്റെ പ്രതികരണം. നേരത്തെ കൊച്ചിയിലെ ഓയിൽ കമ്പനിയിൽ കയറി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിൽ അനിൽകുമാറിനെതിരെ പരാതിയുയർന്നിരുന്നു. വൈപ്പിൻ കുഴിപ്പള്ളിയിൽ ഗ്യാസ് ഏജൻസി നടത്തുന്ന വനിത സംരഭകയെ ജാതി പറഞ്ഞ് അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനും അനിൽകുമാറിനെതിരെ കേസുണ്ട്.

Related Articles

Latest Articles