Saturday, December 20, 2025

ലോക്‌സഭയിലെ പ്രസംഗം വൈറല്‍; ബി ജെ പി എം പിയെ നെഞ്ചേറ്റി സമൂഹമാധ്യമങ്ങള്‍

ദില്ലി: ജമ്മു കശ്മീര്‍ വിഷയത്തില്‍ ലോക്‌സഭയില്‍ നടത്തിയ പ്രസംഗത്തിലൂടെ ലഡാക്കില്‍നിന്നുള്ള ബി.ജെ.പി എം.പി ജമ്യാംഗ് ടി. നംഗ്യാല്‍ കഴിഞ്ഞ ദിവസം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ലഡാക്ക് കാലങ്ങളായി നേരിടുന്ന അവഗണനകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു കന്നി എം.പിയായ ജമ്യാംഗിന്‍റെ പ്രസംഗം. ഇതോടെ സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയ ജമ്യാംഗിന് ഫെയ്സ്ബുക്കില്‍ നിരവധി ഫ്രണ്ട് റിക്വസ്റ്റുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

തനിക്കു ലഭിച്ചുകൊണ്ടിരിക്കുന്ന സൗഹൃദാഭ്യര്‍ഥനകളുടെ ആധിക്യം കാരണം കൂടുതല്‍ പേരെ ഫെയ്‌സ്ബുക്ക്‌ ഫ്രണ്ടാക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് പോസ്റ്റ് ഇട്ടിരിക്കുകയാണ് ഇപ്പോള്‍ ജമ്യാംഗ് . അയ്യായിരം എന്ന പരിധി കടന്നതിനാല്‍ കൂടുതല്‍ പേരെ സുഹൃത്തുക്കളാക്കാന്‍ സാധിക്കില്ല. അതുകൊണ്ട് തന്‍റെ ഔദ്യോഗിക പേജ് ലൈക്ക് ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് അദ്ദേഹത്തിന്‍റെ പോസ്റ്റ്.

ലഡാക്ക് കാലങ്ങളായി നേരിടുന്ന അവഗണനയുടെ കണക്കുകള്‍ നിരത്തിയാണു ജമ്യാംഗ് പ്രധാനമന്ത്രിയുടെയും സഭാംഗങ്ങളുടെയും കൈയടി നേടിയത്. ലഡാക്ക് കാലങ്ങളായി അടിച്ചമര്‍ത്തപ്പെട്ടു കഴിയുകയാണ്. 70 വര്‍ഷങ്ങളായി ഒറ്റപ്പെട്ടു കിടക്കുകയാണ്. ഇത്രയും കാലം ലഡാക്കിന്‍റെ പരിദേവനങ്ങള്‍ കേള്‍ക്കാന്‍ ആരും തയ്യാറായിട്ടില്ല. കോണ്‍ഗ്രസ് സര്‍ക്കാര്‍ കൊണ്ടുവന്ന 370-ാം അനുച്ഛേദം കാരണമാണ് ലഡാക്ക് ഈ അവഗണന നേരിട്ടത്. തുല്യതയും മതേതരത്വവും പറയുന്ന കോണ്‍ഗ്രസും നാഷണല്‍ കോണ്‍ഫറന്‍സും പത്തു രൂപയുടെ തൊഴില്‍ പോലും ആര്‍ക്കും ലഡാക്കില്‍ നല്‍കിയിട്ടില്ല- ജമ്യാംഗ് കുറ്റപ്പെടുത്തി.

പ്രസംഗത്തെ പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി തുടങ്ങിയവര്‍ കൈയടിയോടെയാണ് സ്വീകരിച്ചത്. പ്രസംഗം കഴിഞ്ഞ ഉടന്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും നേതാക്കളും ഇരിപ്പിടത്തിനരികിലെത്തിയും അദ്ദേഹത്തെ അഭിനന്ദിച്ചു. മറുപടി പ്രസംഗത്തില്‍ അമിത് ഷാ ജമ്യാംഗിനെ പ്രത്യേകം പരാമര്‍ശിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ ടാഗ് ചെയ്ത് ട്വീറ്റ് ചെയ്തു. മുപ്പത്തിനാലുകാരനായ ജമ്യാംഗ് നംഗ്യാല്‍ ലഡാക്ക് ഹില്‍ ഡെവലപ്മെന്‍റ് കൗണ്‍സിലിന്‍റെ അധ്യക്ഷനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

Related Articles

Latest Articles