ദില്ലി: സില്‍വര്‍ ലൈന്‍ (Silver Line) പദ്ധതിക്കായി നിലവില്‍ ഭൂമി ഏറ്റെടുക്കാനാവില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ബിജെപി സംഘത്തിന്റെ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് അശ്വതി വൈഷ്ണവിന്റെ പ്രതികരണം. അന്തിമ സര്‍വെ നടത്താതെ ഭൂമി ഏറ്റെടുക്കാനാകില്ല. പദ്ധതിയുടെ ഗൗരവതരമായ സാങ്കേതിക പിഴവുകള്‍ ഇ ശ്രീധരന്‍ ചൂണ്ടിക്കാട്ടിയതായും റെയില്‍വെ മന്ത്രി വ്യക്തമാക്കി.
കേന്ദ്രമന്ത്രി വി മുരളീധരന്‍, മെട്രോമാന്‍ ഈ ശ്രീധരന്‍, കെ സുരേന്ദ്രന്‍, കുമ്മനം രാജശേഖരന്‍, പി.കെ.കൃഷ്ണദാസ് തുടങ്ങിയവരുള്‍പ്പെടുന്ന ബി.ജെ.പിയുടെ പ്രതിനിധി സംഘമാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ ആശങ്കകൾ അറിയിച്ചെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചിരുന്നു. ഭൂമിയേറ്റെടുക്കാനുള്ള അനുമതിയില്ലെന്ന് റെയിൽവേമന്ത്രി പറഞ്ഞതായി വി മുരളീധരൻ വ്യക്തമാക്കി.
കെ റെയിൽ പദ്ധതിക്ക് അനുമതി നൽകരുതെന്ന് ബിജെപി നേതാക്കളുടെ സംഘം റെയിൽവേ മന്ത്രിയോട് ആവശ്യപ്പെട്ടു. പദ്ധതി നടപ്പാക്കാൻ അനുവദിക്കരുതെന്നാവശ്യപ്പെട്ടുള്ള നിവേദനവും സംഘം മന്ത്രിക്ക് കൈമാറി.

