Sunday, December 28, 2025

ലഷ്‌കർ-ഇ-ത്വയ്ബ സഹായികൾ പിടിയിൽ; പ്രതികൾ സുരക്ഷാ സേനക്കെതിരെ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നവർ

ജമ്മു കശ്മീർ: ലഷ്‌കർ-ഇ-ത്വയ്ബ സംഘടനയ്ക്ക് സഹായം നൽകിയിരുന്ന രണ്ട് പേരെ അറസ്റ്റ് ചെയ്ത് ജമ്മു കശ്മീർ പോലീസ്. സോപോർ പോലീസ് സ്‌റ്റേഷൻ പരിധിയിൽ സുരക്ഷാ പരിശോധനയ്‌ക്കിടയിലാണ് പ്രതികളെ പിടികൂടിയത്. ബന്ദിപ്പോര സ്വദേശി ഷാക്കീർ അക്ബർ ഗ്രോജി, ബാരാമുള്ള സ്വദേശി മൊഹ്‌സിൻ വാനി എന്നിവരാണ് അറസ്റ്റിലായത്.

ഗൗസിയാബാദ് ചൗക്ക് ചിങ്കിപോരയിൽ സൈന്യവും സിആർപിഎഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടാൻ കഴിഞ്ഞത്. ഇരു സേനയും ഏകോപ്പിച്ച് സംയുക്ത ചെക്ക് പോയിന്റ് സ്ഥാപിച്ചിരുന്നു.ഇവിടെ പരിശോധന നടത്തുന്നതിനിടയിലാണ് സംശയാസ്പദമായി രണ്ട് പേരെ കണ്ടത്. സുരക്ഷാ സേന പരിശോധനകൾക്ക് വിധേയരാകാൻ നിർദേശിച്ചെങ്കിലും ഇവർ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. തുടർന്ന് സുരക്ഷാ സേന കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പ്രതികളിൽ നിന്നും രണ്ട് ഗ്രനേഡുകൾ കണ്ടെടുത്തിരിക്കുകയാണ്. ഇവർ സുരക്ഷാ സേനയ്‌ക്കും ജനങ്ങൾക്കുമെതിരെ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായും പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞു. പ്രതികൾ മറ്റ് കൂട്ടാളികളുടെ പേരുകൾ വെളിപ്പെടുത്തിയതായും പോലീസ് പറഞ്ഞു. സോപോർ സ്വദേശി ഹിമയൂൺ ഷാരിഖ്, നദിഹാൽ റാഫിയബാദ് സ്വദേശിയായ ഫൈസൽ അഷ്‌റഫ് വാനി എന്നിവരുടെ പേരുകളാണ് പ്രതികൾ വെളിപ്പെടുത്തിയത്. കേസിൽ അന്വേഷണം പുരോഗമിക്കുന്നതായും വ്യക്തമാക്കി.

Related Articles

Latest Articles