Tuesday, December 23, 2025

രാജ്യത്ത് പതിനായിരം കവിഞ്ഞ് ഒമിക്രോൺ രോഗികൾ; നാലു ലക്ഷത്തോടടുത്ത് കോവിഡ് പ്രതിദിന കണക്കുകൾ!!!

ദില്ലി: രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം വർധിക്കുന്നു (Covid India). കഴിഞ്ഞ 24 മണിക്കൂറിനിടെ 3,33,533 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. ഇന്നലത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 4,171 രോഗികൾ കുറവാണ് രേഖപ്പെടുത്തിയത്. 525 മരണങ്ങൾ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം 24 മണിക്കൂറിനിടെ 2.59 ലക്ഷമാളുകൾ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 21,87,205 ആയി.

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 17.78 ശതമാനമാണ്. ഇതിനിടെ രാജ്യത്തെ ഒമിക്രോൺ രോഗികളുടെ എണ്ണത്തിലും വർധനവ് രേഖപ്പെടുത്തുന്നുണ്ട്. ആകെ കേസുകൾ 10,050 ആയി. നിലവിൽ 161 കോടി ഡോസുകൾ രാജ്യത്ത് വിതരണം ചെയ്തു. പ്രായപൂർത്തിയായവരിൽ 94 ശതമാനം ആളുകളും ആദ്യ ഡോസ് സ്വീകരിച്ചു കഴിഞ്ഞതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

അതേസമയം രാജ്യത്തെ പല സംസ്ഥാനങ്ങളും കടുത്ത നിയന്ത്രണങ്ങളിലേയ്ക്ക് നീങ്ങിയിരിക്കുകയാണ്. കേരളത്തിൽ ഇന്ന് സമ്പൂർണ്ണ ലോക്ക്ഡൗൺ ആണ്. ഇതിന്റെ ഭാഗമായി ഇന്ന് അവശ്യ സർവീസുകൾക്ക് മാത്രമാണ് അനുമതിയുള്ളത്. അത്യാവശ്യയാത്രകള്‍ മാത്രമാണ് അനുവദിക്കുക. ഇതിനായി രേഖകളും സത്യവാങ്മൂലവും കൈയില്‍ കരുതണമെന്ന് നിര്‍ദേശമുണ്ട്.

ആശുപത്രി, വാക്സിനേഷൻ എന്നിവയ്ക്കു വേണ്ടി യാത്ര നടത്താം. അത്യാവശ്യയാത്രക്കാർ അക്കാര്യം പരിശോധനാവേളയിൽ പൊലീസ് ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തണം. അതേസമയം അനാവശ്യ യാത്ര നടത്തുന്നവർക്കെതിരെ പകർച്ചവ്യാധി ഓർഡിനൻസ് പ്രകാരം കേസെടുക്കുമെന്നും പോലീസ് അറിയിച്ചു. കെഎസ് ആർടിസിയും അത്യാവശ്യ സർവീസുകൾ മാത്രമേ നടത്തൂ. പഴം, പച്ചക്കറികള്‍, പലവ്യഞ്ജനങ്ങള്‍, പാലും പാലുത്പന്നങ്ങളും വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങള്‍, ഇറച്ചിക്കടകള്‍, കള്ളുഷാപ്പുകള്‍ എന്നിവയ്ക്ക് രാവിലെ ഏഴുമുതല്‍ രാത്രി ഒന്‍പത് വരെ പ്രവർത്തിക്കാംക്കാനുള്ള അനുമതിയുണ്ട്. ഹോട്ടലുകളിലും ബേക്കറികളിലും പാഴ്‌സലുകള്‍ മാത്രമേ അനുവദിക്കൂ. ഇവയ്ക്കും രാവിലെ ഏഴുമുതൽ തുറന്ന് പ്രവർത്തിക്കാം.

Related Articles

Latest Articles