സംസ്ഥാനത്ത് പുതിയ മദ്യശാലകൾ തുടങ്ങാൻ എന്തു കൃത്രിമം
ചെയ്യാനും, ഔദ്യോഗിക മാർഗങ്ങൾ ധാരാളം. മലപ്പുറം വഴിക്കടവിനടുത്ത് വെള്ളക്കട്ടയിൽ ആദിവാസി വിഭാഗത്തിൽപ്പെട്ട കുടുബത്തിന് സർക്കാർ ഫണ്ടിൽ നിർമിച്ചു നൽകിയ വീട്ടിൽ കള്ളുഷാപ്പിന് ലൈസൻസ് അനുവദിചത് വിവാദമാകുന്നു. ഷാപ്പിനെതിരെ പ്രതിഷേധം തുടരുമ്പോഴും ഉദ്യോഗസ്ഥ പിന്തുണയോടെ പുതിയ ഷാപ്പു തുറക്കാനുള്ള പരിശ്രമത്തിലാണ് ഷാപ്പുടമ.
വെള്ളക്കട്ട ഓളിക്കൽ കോളനിയിലെ രാധാകൃഷ്ണന്റെ വീടാണ് കള്ളുഷാപ്പാക്കാൻ അനുമതി നൽകിയത്. വർഷങ്ങൾക്ക് മുൻപ് ബ്ലോക്ക് പഞ്ചായത്ത് ഫണ്ടുപയോഗിച്ചാണ് വീടു നിർമിച്ചത്. ഇപ്പോഴും കുടുംബസമേതം താമസിക്കുന്ന വീട് കള്ളുഷാപ്പ് ലൈസൻസി വിലക്കു വാങ്ങിയതായി കരാറുണ്ടാക്കിയാണ് ഷാപ്പിന് ലൈസൻസ് സ്വന്തമാക്കിയത്.
സർക്കാർ ഫണ്ടുപയോഗിച്ച് പിന്നാക്ക വിഭാഗത്തിന് നിർമിച്ചു നൽകിയ വീടിന് വാണിജ്യ ലൈസൻസ് അനുവദിച്ചതിന് പിന്നിലും മദ്യമാഫിയയുടെ സ്വാധീനമുണ്ട്. നാട്ടുകാർ വഴിക്കടവ് ഗ്രാമപഞ്ചായത്തിൽ ഇക്കാര്യം ബോധ്യപ്പെടുത്തിയപ്പോൾ ബ്ലോക്ക് പഞ്ചായത്ത് വീടു നിർമിക്കാൻ ഫണ്ടു നൽകിയതിന് ഗ്രാമപഞ്ചായത്തിൽ തെളിവില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറി. വീടിന് മുന്നിൽ പന്തൽ കെട്ടി നാട്ടുകാർ സമരം ആരംഭിച്ചിട്ടുണ്ട്.

