ദില്ലി : ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി ഇ.ഡിക്ക് നോട്ടീസ് അയച്ചു. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉന്നയിച്ചുകൊണ്ട് ചികിത്സയ്ക്കായി ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ശിവശങ്കർ സമർപ്പിച്ച ഹർജിയിൽ മേയ് 17 -ന് വാദം കേള്‍ക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു. ജസ്റ്റിസുമാരായ വി. രാമസുബ്രഹ്‌മണ്യം, പങ്കജ് മിത്തല്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ശിവശങ്കറിന്റെ ഹര്‍ജി ഇന്ന് പരിഗണിച്ചത്.
ലൈഫ് മിഷന്‍ കേസില്‍ അന്വേഷണ ഏജന്‍സി കുറ്റപത്രം സമര്‍പ്പിച്ചുകഴിഞ്ഞുവെന്നും അതിനാൽത്തന്നെ ശിവശങ്കറിനെ കസ്റ്റഡിയിൽ ആവശ്യമില്ലെന്നും ശിവശങ്കറിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത ചൂണ്ടിക്കാട്ടി.മാത്രമല്ല കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ സ്വപ്‌ന സുരേഷിന് ഇതുവരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ജയ്ദീപ് ഗുപ്ത വാദിച്ചു. ഇതിനെത്തുടർന്ന് സ്വപ്‌നയെ വളരെ നേരത്തെ അറസ്റ്റ് ചെയ്തില്ലേയെന്ന് ബെഞ്ചിന് നേതൃത്വം നല്‍കിയ ജസ്റ്റിസ് രാമസുബ്രഹ്‌മണ്യം ചോദിച്ചു. മറ്റൊരു കേസില്‍ സ്വപ്‌നയെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും, ലൈഫ് മിഷന്‍ കേസില്‍ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ജയ്ദീപ് ഗുപ്ത മറുപടി പറഞ്ഞു.
ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിനാൽ ശിവശങ്കറിന് ചികിത്സ അനിവാര്യമാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടിയതിനെത്തുടർന്നാണ് വേനല്‍ അവധിക്ക് പിരിയുന്നതിനു മുമ്പ് ശിവശങ്കറിന്റെ ഹര്‍ജി പരിഗണിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചത്. ശിവശങ്കറിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്തയും യ സെല്‍വിന്‍ രാജ, മനു ശ്രീനാഥ് എന്നിവരും ഹാജരായി.

