Monday, May 20, 2024
spot_img

താനൂർ ബോട്ട് ദുരന്തം മനുഷ്യനിർമിതം; ഗുരുതരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ

താനൂർ : മലപ്പുറം താനൂർ തൂവൽ തീരത്തെ ബോട്ട് ദുരന്തം സംബന്ധിച്ച ജുഡീഷ്യൽ അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു. തികച്ചും ദൗർഭാഗ്യകരമായ സംഭവമാണ് താനൂരിലേതെന്ന് പറഞ്ഞ അദ്ദേഹം ദുരന്തം മനുഷ്യ നിർമിതമാണെന്നാരോപിച്ചു. സംഭവസ്ഥലം സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ യാതൊരു നിയന്ത്രണവുമില്ലാതെ ബോട്ടുകൾ സർവീസ് നടത്തുന്നുണ്ട്. അപകടമുണ്ടായ ബോട്ടിന് ലൈസൻസ് ലഭിച്ചത് എങ്ങനെയെന്നതു പോലും സംശയകരമാണ്. പലരും ഈ ബോട്ടിനെ കുറിച്ച് പരാതിപ്പെട്ടിട്ടു പോലും നടപടി ഉണ്ടായില്ലെന്ന് പ്രദേശവാസികൾ പറയുന്നു. ദുരന്തങ്ങൾ ഉണ്ടായിട്ടും ആവശ്യത്തിന് പരിശോധനകൾ നടത്താൻ കഴിയുന്നില്ലെന്നത് ദുഃഖകരമാണ്. മുരളി തുമ്മാരുകുടി അടക്കമുള്ളവർ സ്ഥിതിഗതികൾ വിലയിരുത്തിയാണ് അപകടസാധ്യത പ്രവചിച്ചത്. ഇനിയുമൊരു അപകടമുണ്ടായാൽ സർക്കാരും മറ്റു അധികൃതരും ഉത്തരം പറയേണ്ടി വരും’ – വി ഡി സതീശൻ പറഞ്ഞു.

അതെ സമയം 7 കുട്ടികളടക്കം 22 പേരാണ് ദുരന്തത്തിൽ മരിച്ചതെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. മരിച്ചവരിൽ 11 പേർ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. അപകടത്തിൽ 10 പേർക്ക് പരിക്കേറ്റു.5 പേർ നീന്തി രക്ഷപ്പെട്ടു. ബോട്ട് മറിഞ്ഞ് മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റ് ആശുപത്രിയിലുള്ളവരുടെ മുഴുവൻ ചികിത്സാചെലവും സർക്കാർ വഹിക്കും.

Related Articles

Latest Articles