തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് സിപിഎം നിയന്ത്രണത്തിലുള്ള കൈരളിയും ദേശാഭിമാനിയും തനിക്കെതിരെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ്. സഹകരണ ബാങ്കിൽ നിന്നും വായ്പയെടുത്ത് മുങ്ങി എന്നതടക്കമുള്ള ആരോപണങ്ങൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്നും, അപകീർത്തികരമായ വാർത്തകൾ നൽകിയ ദേശാഭിമാനി, കൈരളി എന്നിവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പെരിങ്ങമല ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിന്റെ ഭരണസമിതി അംഗമെന്ന സ്ഥാനത്തുനിന്ന് . 2016 ജൂലൈ 26-ന് തന്നെ രാജി വെച്ചിരുന്നതായും, സംഘത്തിൽ നിന്ന് ഒരു ലോണോ ചിട്ടിയോ എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സഹകരണ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിൽ താൻ വായ്പയ്ക്ക് ശുപാർശ ചെയ്തതായി പോലും പറയുന്നില്ല. 2023-24 കാലഘട്ടത്തിലെ റിപ്പോർട്ട് ഉപയോഗിച്ച് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ഇപ്പോൾ വ്യാജ പ്രചരണങ്ങൾ അഴിച്ചുവിടുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പ്രസ്തുത റിപ്പോർട്ടിന്മേലുള്ള തുടർനടപടികൾ 2025 ജനുവരി 6-ന് ബഹുമാനപ്പെട്ട ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുള്ളതാണ്. വസ്തുതകൾ ഇതായിരിക്കെ, താൻ ലോണെടുത്ത് തിരിച്ചടച്ചില്ലെന്നും തട്ടിപ്പ് നടത്തിയെന്നുമുള്ള വാർത്തകൾ പച്ചക്കള്ളമാണ്. 30 വർഷത്തെ തന്റെ പൊതുജീവിതം സംശുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“തിരുവനന്തപുരം നഗരസഭയിൽ ബിജെപിയുടെ മുന്നേറ്റം തടയാനുള്ള സിപിഎമ്മിന്റെ രാഷ്ട്രീയ നീക്കമാണ് ഇത്തരം വാർത്തകൾക്ക് പിന്നിൽ. ബിജെപി സംസ്ഥാന ട്രഷറർ ഇ. കൃഷ്ണദാസിനെ പരാജയപ്പെടുത്താൻ പാർട്ടിയിലെ മറ്റുള്ളവർ തീരുമാനിച്ചു എന്ന തരത്തിലുള്ള വാർത്തകളും വ്യാജമാണ്.
ശബരിമലയിലെ സ്വർണ്ണക്കൊള്ളയടക്കമുള്ള വിഷയങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് മാദ്ധ്യമപ്രവർത്തകരെ ഉപയോഗിച്ച് സിപിഎം നുണപ്രചരണം നടത്തുന്നത്” -എസ് സുരേഷ് പറഞ്ഞു
വസ്തുതാവിരുദ്ധവും വ്യക്തിഹത്യ നടത്തുന്നതുമായ വാർത്തകൾക്കെതിരെ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും, മുഖ്യധാരാ മാദ്ധ്യമങ്ങൾ യാഥാർത്ഥ്യം തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

