Tuesday, October 6, 2026

കോ-പൈലറ്റ് ക്യാപ്റ്റനെ ആക്‌സ് ഉപയോഗിച്ച് ആക്രമിച്ച ഫ്‌ലൈ ദുബായ് സംഭവത്തിന്റെ ഞെട്ടല്‍ മാറും മുന്‍പ് മറ്റൊരു വിമാനത്തില്‍ കൂടി അടിയന്തരാവസ്ഥ. ലണ്ടന്‍-ചിക്കാഗോ ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനം മിനിറ്റുകള്‍ക്കുള്ളില്‍ 28,000 അടി താഴ്ന്നു

ലണ്ടനില്‍ നിന്ന് ചിക്കാഗോയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനം BA295, അയര്‍ലന്‍ഡിന് മുകളില്‍ വെച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ 28,000 അടി താഴ്ന്നിറങ്ങുകയും ചെയ്തു. ഫ്‌ലൈറ്റ് ട്രാക്കിംഗ് ഡാറ്റ പ്രകാരം വിമാനം ലണ്ടനിലേക്ക് തന്നെ തിരിച്ചുവിടുകയാണ്. ഏഴ് ഏഴ് പൂജ്യം പൂജ്യം (Squawk 7700) കോഡാണ് ഈ ബോയിംഗ് 777 വിമാനം നല്‍കിയത്. പൊതുവായ അടിയന്തരാവസ്ഥ അറിയിക്കാന്‍ ഉപയോഗിക്കുന്ന കോഡാണിത്. അയര്‍ലന്‍ഡിന് മുകളിലായിരുന്നപ്പോള്‍ വിമാനം ഏകദേശം 9,000 അടി ഉയരത്തിലേക്ക് താഴ്ന്നതായി ഫ്‌ലൈറ്റ് ട്രാക്കര്‍ കാണിക്കുന്നു.

അടിയന്തരാവസ്ഥയ്ക്കുള്ള കാരണം ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എങ്കിലും, സാധാരണയായി 10,000 അടിക്ക് താഴേക്ക് പെട്ടെന്ന് വിമാനം താഴ്ത്തുന്നത് (Controlled rapid descents) ക്യാബിനിലെ മര്‍ദ്ദം കുറയുന്നതുമായി (Cabin depressurisation) ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ സൂചിപ്പിക്കുന്നതാണ്. വിമാനത്തിലെ ട്രാന്‍സ്‌പോണ്ടര്‍ എയര്‍ ട്രാഫിക് കണ്‍ട്രോളിലേക്ക് അയക്കുന്ന നാലക്ക കോഡാണ് ‘സ്വാക്ക്’ (Squawk). അടിയന്തരാവസ്ഥ അറിയിക്കാനാണ് ‘7700’ എന്ന കോഡ് ഉപയോഗിക്കുന്നത്. ഇത് പ്രശ്‌നം എന്താണെന്ന് കൃത്യമായി വിശദീകരിക്കുന്നില്ല. പകരം, വിമാനത്തിലുള്ള ജീവനക്കാര്‍ക്ക് സഹായവും വ്യക്തമായ പാതയും ആവശ്യമാണെന്ന് കണ്‍ട്രോളര്‍മാരെ അറിയിക്കുകയാണ് ഇത് ചെയ്യുന്നത്.

ലോകത്തെ ഞെട്ടിച്ച ഫ്‌ലൈ ദുബായ് (flydubai) സംഭവത്തിന് തൊട്ടുപിന്നാലെയാണ് ഈ പുതിയ സംഭവം. സെപ്റ്റംബര്‍ 30-ന് ടെല്‍ അവീവിലേക്ക് പോവുകയായിരുന്ന FZ1073 ഫ്‌ലൈറ്റ് അടിയന്തര കോഡ് നല്‍കിയതിനെ തുടര്‍ന്ന് തബൂക്കിലേക്ക് തിരിച്ചുവിട്ടിരുന്നു. ഫ്‌ലൈറ്റ് ട്രാക്കിംഗ് ഡാറ്റ പ്രകാരം ഈ വിമാനം രണ്ട് മിനിറ്റിനുള്ളില്‍ 17,400 അടിയാണ് താഴേക്ക് പതിച്ചത്.

വിമാനത്തിന്റെ കോ-പൈലറ്റ് ക്യാപ്റ്റനെ കോക്ക്പിറ്റ് ആക്‌സ് ഉപയോഗിച്ച് ആക്രമിക്കുകയും നിയന്ത്രണം ഏറ്റെടുക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് ആരോപണം. ഒമാന്‍ പൗരനായ ആക്രമണകാരിയെ, ക്യാപ്റ്റന്‍ സ്മിത് മച്ചാര്‍ കോക്ക്പിറ്റ് വാതില്‍ തുറന്നതിനെ തുടര്‍ന്ന് യാത്രക്കാര്‍ ചേര്‍ന്ന് കീഴ്‌പ്പെടുത്തുകയായിരുന്നു. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എന്നിവര്‍ അദ്ദേഹത്തെ ‘യഥാര്‍ത്ഥ ഹീറോ’ എന്ന് വിശേഷിപ്പിച്ച് അഭിനന്ദിച്ചു.

കുട്ടികള്‍ ഉള്‍പ്പെടെ 174 യാത്രക്കാരാണ് ഈ വിമാനത്തിലുണ്ടായിരുന്നത്. തുടര്‍ന്ന് ബോയിംഗ് 737-8 വിമാനം സൗദി അറേബ്യയിലെ തബൂക്കിലുള്ള പ്രിന്‍സ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ് വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു.

Related Articles

Latest Articles