Monday, May 20, 2024
spot_img

ബിനോയ് രാജ്യം വിടാൻ സാധ്യത; വിമാനത്താവളങ്ങളില്‍ നിരീക്ഷണം ശക്തമാക്കാനൊരുങ്ങി അന്വേഷണ ഉദ്യോ​ഗസ്ഥര്‍

മുംബൈ: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന മുംബൈ സ്വദേശിനിയുടെ പരാതിയില്‍ പ്രതിയായ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ് കോടിയേരിക്കായി ലുക്കൗട്ട് നോട്ടീസ് ഇറക്കാനൊരുങ്ങി പൊലീസ്. ബിനോയ് രാജ്യം വിടാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് ലുക്കൗട്ട് നോട്ടീസ് ഇറക്കാനുള്ള നീക്കം. നിലവില്‍ ഒളിവിലാണ് ബിനോയ്. ബിനോയ് രാജ്യം വിടാതിരിക്കാനായി വിമാനത്താവളങ്ങളില്‍ നിരീക്ഷണം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് അന്വേഷണ ഉദ്യോ​ഗസ്ഥര്‍.

കേസിന്റെ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിഞ്ഞ ബുധനാഴ്ച മുതല്‍ കേരളത്തിലുള്ള സംഘം ഇന്നും പരിശോധന തുടരും. യുവതി നല്‍കിയ ഡിജിറ്റല്‍ തെളിവുകളുടെ ശാസ്ത്രീയ പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണ് പൊലീസ്. ഇത് ലഭിച്ചതിന് ശേഷമായിരിക്കും മറ്റ് നിയമ നടപടികളിലേക്ക് കടക്കുക.

അതേസമയം ഡിഎന്‍എ പരിശോധന അനുവദിക്കണമെന്ന പ്രൊസിക്യൂഷന്‍ വാദം കോടതിയില്‍ ബിനോയ് എതിര്‍ത്തു. യുവതിയുടേത് കെട്ടിച്ചമച്ച തെളിവുകളാണെന്നും വിവാഹം രജിസ്റ്റര്‍ ചെയ്‌തെന്ന് പറയുന്ന സമയത്ത് ബിനോയി ദുബായില്‍ ആയിരുന്നുവെന്നുമാണ് പ്രതിഭാഗം വാദിച്ചത്. പീഡനപരാതിയുമായി ബന്ധപ്പെട്ട് ബിനോയി കോടിയേരി സമര്‍പ്പിച്ച മൂന്‍കൂര്‍ ജാമ്യാപേക്ഷ വിധി പറയാന്‍ കോടതി തിങ്കളാഴ്ചയിലേക്ക് മാറ്റി. മുംബൈ ദില്‍ഡോഷി സെഷന്‍സ് കോടതിയാണ് ബിനോയിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

ഇതിനിടയില്‍ പരാതി ഒതുക്കിതീര്‍ക്കാന്‍ ബിനോയി യുവതിയുമായി നടത്തിയ സംഭാഷണത്തിന്റെ ഓഡിയോ അടക്കമുള്ള തെളിവുകളും മുംബൈ പൊലീസിന് ലഭിച്ചു. തനിക്കെതിരെ പരാതിയുമായി മുന്നോട്ടുപോകരുതെന്നും, താന്‍ മുംബൈയില്‍ എത്തുമ്പോള്‍ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കാമെന്നും ബിനോയി യുവതിക്ക് വാഗ്ദാനം നല്‍കുന്നതാണ് ഓഡിയോയില്‍ പ്രധാനമായി ഉളളത്

Related Articles

Latest Articles