ചണ്ഡീഗഡ്: ലുധിയാന ജില്ലാ കോടതി സമുച്ചയത്തിലുണ്ടായ സ്‌ഫോടനത്തിൽ പഞ്ചാബ് പോലീസിന്റെയും കേന്ദ്ര ഏജൻസികളുടെയും അന്വേഷണം ഊർജ്ജിതം. സസ്‌പെൻഡ് ചെയ്യപ്പെട്ട മുൻ പൊലീസുകാരനാണ് കോടതിയിലേക്ക് സ്‌ഫോടക വസ്തുക്കൾ എത്തിച്ചതെന്ന് പഞ്ചാബ് ഡിജിപി സിദ്ധാർഥ് ചട്ടപോദ്ധ്യായ അറിയിച്ചു. 2019 ൽ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും ലഹരിക്കടത്ത് കേസിൽ രണ്ടു വർഷത്തോളം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളതുമായ ഗഗൻദീപ് സിംഗാണ് സ്ഫോടനം നടത്തിയത്. സ്‌ഫോടനത്തിൽ ഇയാളും കൊല്ലപ്പെട്ടു. സ്‌ഫോടനത്തിൽ മറ്റു രണ്ടുപേർക്ക് പരിക്കേറ്റിട്ടുമുണ്ട്.
സംസ്ഥാനത്ത് തീവ്രവാദ സംഘടനകളുടെ സാന്നിധ്യം സംശയിക്കുന്ന നിരവധി സംഭവങ്ങൾ അടുത്തിടെ ഉണ്ടായിട്ടുണ്ട്. കൂടാതെ സംസ്ഥാനത്ത് നടക്കാനിരിക്കുന്ന നിയമസഭാ തെരെഞ്ഞെടുപ്പ് അട്ടിമറിക്കുക ലക്ഷ്യമിട്ട് ഏതെങ്കിലും തീവ്രവാദ ഗ്രൂപ്പുകൾ വിദേശ സഹായത്തോടെ പ്രവർത്തിക്കുന്നുണ്ടോ എന്നും അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നുണ്ട്. സംഭവത്തെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.

