Friday, January 2, 2026

അട്ടപ്പാടി ദളിത്കൊല കേസ്; വിചാരണയ്ക്കിടെ കോടതിയിൽ നാടകീയ രംഗങ്ങൾ; വീഡിയോ ഫയൽ കോപ്പി ചെയ്ത് പൊലീസുകാരൻ; ശാസിച്ച് കോടതി; ഇനി മുതൽ സെല്ലിൽ നിന്നും ആളെ എത്തിച്ച ശേഷം മാത്രം ദൃശ്യങ്ങൾ പ്രദര്‍ശിപ്പിച്ചാൽ മതിയെന്ന് ഉത്തരവ്

പാലക്കാട്: അട്ടപ്പാടി ദളിത്കൊലക്കേസിൻ്റെ വിചാരണയ്ക്കിടെ കോടതിയിൽ നാടകീയ രംഗങ്ങൾ അരങ്ങേറി. കേസിലെ 29-ാം സാക്ഷി സുനിൽ കുമാറിനെതിരെ നടപടി വേണമെന്ന ഹ‍ര്‍ജി പരിഗണിക്കുമ്പോഴാണ് അസാധാരണ സംഭവങ്ങൾ കോടതിയിൽ നടന്നത്. സുനിൽ കുമാർ ഉൾപ്പെട്ട ആനവായൂരിലും പൊന്നിയമ്മാൾ ഗുരുകുലത്തിലേയും സിസിടിവി ദൃശ്യങ്ങൾ പ്രദർശിപ്പിക്കാൻ സുനിലിൻ്റെ വക്കീൽ ഇന്ന് കോടതിയിൽ അനുമതി തേടിയിരുന്നു.

അനുമതി കിട്ടിയതോടെ ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവ് കോടതിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് കൈമാറി. പൊലീസ് ഉദ്യോഗസ്ഥൻ ഇത് ലാപ്പ്ടോപ്പിലേക്ക് കോപ്പി ചെയ്ത ശേഷം ആണ് ദൃശ്യങ്ങൾ പ്രദര്‍ശിപ്പിക്കാൻ ശ്രമിച്ചത്. ഇത് സുനിലിൻ്റെ വക്കീൽ ചോദ്യം ചെയ്തു.

തുർന്ന് കോടതി പൊലീസുകാരനെ ശാസിക്കുകയും ലാപ്പ് ടോപ്പ് പിടിച്ചെടുക്കുകയും ചെയ്തു. ഇനി മുതൽ ഐടി സെല്ലിൽ നിന്നും ആളെ എത്തിച്ച ശേഷം മാത്രം ദൃശ്യങ്ങൾ പ്രദര്‍ശിപ്പിച്ചാൽ മതിയെന്നും കോടതി നിർദ്ദേശിച്ചു. സുനിലിന് എതിരെ നടപടി വേണമെന്ന ഹര്‍ജി ഒക്ടോബര്‍ മൂന്നിലേക്ക് മാറ്റി.

സ്വന്തം ദൃശ്യം കോടതിയിൽ പ്രദര്‍ശിപ്പിച്ചപ്പോൾ നിഷേധിച്ച 36-ാം സാക്ഷി അബ്ദുൾ ലത്തീഫിനോട് ഇന്ന് പാസ്പോര്‍ട്ട്, ഫോട്ടോ എന്നിവ സഹിതം കോടതിയിൽ ഹാജരാവാൻ നിര്‍ദേശിച്ചിരുന്നു. സാക്ഷി രാവിലെ കോടതിയിൽ എത്തിയെങ്കിലും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഹര്‍ജി നാളത്തേക്ക് മാറ്റി. പ്രതികളുടെ ജാമ്യാപേക്ഷയും കോടതി നാളെ പരിഗണിക്കും.

Related Articles

Latest Articles