ദില്ലി: മധ്യപ്രദേശില്‍ നിന്നുള്ള ലോക്‌സഭാ എംപി വിരേന്ദ്ര കുമാര്‍ പതിനേഴാം ലോക്‌സഭയുടെ പ്രോ ടെം സ്പീക്കറായേക്കും. മധ്യപ്രദേശിലെ തികംഗഢ് ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് ഏഴ് തവണ ജയിച്ച എംപിയാണ് വിരേന്ദ്രകുമാര്‍. ജൂണ്‍ 17-നാണ് പതിനേഴാം ലോക്‌സഭയുടെ ആദ്യ സമ്മേളനം.
മനേകാ ഗാന്ധി മുമ്പ് മന്ത്രിയായിരുന്ന വനിതാ ശിശുക്ഷേമമന്ത്രാലയത്തിലെ സഹമന്ത്രിയായിരുന്നു വിരേന്ദ്ര കുമാര്‍. മാത്രമല്ല, ന്യൂനപക്ഷക്ഷേമ മന്ത്രാലയത്തിലെയും സഹമന്ത്രിയായിരുന്നു. മധ്യപ്രദേശിലെ ദളിത് ബിജെപി നേതാക്കളില്‍ പ്രമുഖനായ വിരേന്ദ്ര കുമാറിന് ഇത്തവണ കേന്ദ്രമന്ത്രിപദം കിട്ടിയിരുന്നില്ല.
പ്രഹ്‌ളാദ് ജോഷിയുടെ കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രാലയമാണ് പ്രോ ടെം സ്പീക്കറെ തിരഞ്ഞെടുക്കുന്നത്. പാര്‍ലമെന്ററി കാര്യസമിതിയുടെ മേല്‍നോട്ടത്തിലാകും ഈ തിരഞ്ഞെടുപ്പ്. രാഷ്ട്രപതി രാം നാഥ് കോവിന്ദ് പ്രോ ടെം സ്പീക്കര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും.
പുതിയ ലോക്‌സഭാ സമ്മേളനത്തിന്റെ മാത്രം അധ്യക്ഷത വഹിക്കാന്‍ അവസരമുള്ള താത്കാലിക തസ്തിക മാത്രമാണ് പ്രോ ടെം സ്പീക്കറുടേത്. പതിനേഴാം ലോക്‌സഭയിലെ അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത് പ്രോ ടെം സ്പീക്കറാണ്. പുതിയ ലോക്‌സഭയുടെ സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പുകളും പ്രോ ടെം സ്പീക്കറുടെ നേതൃത്വത്തിലാണ് നടക്കുക.

