മുംബൈ : മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് വിഭജനത്തിൽ മഹാ വികാസ് അഘാഡിയിലെ തർക്കം മുറകുന്നു. കഴിഞ്ഞ ദിവസം മുംബൈ ട്രിഡൻ്റ് ഹോട്ടലിൽ ചേർന്ന ഒമ്പത് മണിക്കൂർ നീണ്ടുനിന്ന ചർച്ചയിലും സീറ്റുകൾ സംബന്ധിച്ച ധാരണയിലെത്താൻ മുന്നണിക്ക് കഴിഞ്ഞിരുന്നില്ല. വിദർഭ മേഖലയിലെ സീറ്റുകളാണ് മുന്നണിക്ക് മുന്നിൽ കീറാമുട്ടിയായി നിൽക്കുന്നത്. ഇതിനിടെ മുന്നണിയിൽ നിലനിൽക്കുന്ന തർക്കം പരിഹരിക്കാന്‍ കോൺഗ്രസ്, ശിവസേനാ (യുബിടി) നേതാക്കൾ ശരദ് പവാറിൻ്റെ ഇടപെടൽ ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്. തർക്കം പരിഹരിക്കാൻ ശരദ് പവാറിനോട് മധ്യസ്ഥം വഹിക്കാൻ ആവശ്യപ്പെട്ടതായാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന അവർ പരമ്പരാഗതമായി മത്സരിച്ച് വന്നിരുന്ന രംതെക്, അമരാവതി സീറ്റുകൾ കോൺഗ്രസിന് വിട്ടുനൽകിയിരുന്നു. അതിന് പകരമായി വിദർഭ മേഖലയിൽ ശിവസേന (യുബിടി) കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുന്നതാണ് മഹാ വികാസ് അഘാഡിയിലെ പ്രതിസന്ധിയുടെ പ്രധാനകാരണം. വിദർഭ മേഖലയിൽ 12 സീറ്റുകളാണ് ശിവസേന (യുബിടി) ആവശ്യപ്പെടുന്നത്. ഈ പന്ത്രണ്ട് സീറ്റുകളിലും മഹാ വികാസ് അഘാഡിക്ക് നിലവിൽ എംഎൽഎമാർ ഇല്ലെന്നതാണ് തങ്ങളുടെ ആവശ്യത്തിന് ന്യായമായി ശിവസേന (യുബിടി) ചൂണ്ടിക്കാണിക്കുന്നത്. ഈ പന്ത്രണ്ട് സീറ്റുകളിൽ അവകാശവാദം ഉന്നയിക്കുന്നതിന് പുറമെ ശിവസേന (യുബിടി) സ്ഥാനാർത്ഥിയെ ഏകദേശം നിശ്ചയിച്ച നാസിക് വെസ്റ്റ് സീറ്റും കോൺഗ്രസ് ആവശ്യപ്പെടുന്നുണ്ട്. സുധാകർ ബദ്ഗുജാറിനെ നാസിക് വെസ്റ്റിൽ മത്സരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ശിവസേന (യുബിടി). കോൺഗ്രസ് അധ്യക്ഷൻ നാനെ പടോളയെ ഇവിടെ നിന്ന് മത്സരിപ്പിക്കാനാണ് കോൺഗ്രസ് നാസിക് വെസ്റ്റിനായി വാദിക്കുന്നത്.

