Friday, December 12, 2025

മലപ്പുറം മുസ്ലിം വിഭാഗത്തിന്റെ സാമ്രാജ്യമല്ല; 56 ശതമാനം വരുന്ന മുസ്ലിം സമുദായം 44 ശതമാനം വരുന്ന മറ്റുവിഭാഗങ്ങളെ അവഗണിക്കുമ്പോഴാണ് ജാതി ചിന്ത ഉടലെടുക്കുന്നത്; തന്നെ വർഗീയവാദിയായി ചിത്രീകരിക്കാൻ ശ്രമമെന്ന് വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: തന്നെ വർഗീയവാദിയായി ചിത്രീകരിക്കാൻ വലിയ ശ്രമം നടക്കുന്നതായി എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തന്റെ സമുദായത്തിന്റെ പിന്നോക്കാവസ്ഥയെ കുറിച്ചാണ് മലപ്പുറത്ത് പറഞ്ഞത്. പ്രസ്താവനകൾ വളച്ചൊടിച്ചു. മലപ്പുറത്ത് ശ്രീനാരായണീയർ പിന്നോക്കാവസ്ഥയിൽ തന്നെയാണ്. മുസ്ലിം സമുദായത്തിലെ സമ്പന്നരാണ് ജില്ലയിൽ വിദ്യാഭ്യാസ മേഖലയെ നിയന്ത്രിക്കുന്നത്. മലപ്പുറത്ത് ഒരു വിദ്യാഭ്യാസ സ്ഥാപനം പോലും എസ് എൻ ഡി പിയ്ക്കില്ല. ഒരു അൺ എയിഡഡ് കോളേജ് പോലും അനുവദിച്ചിട്ടില്ല.

മുസ്ലിം ലീഗിന്റെ മതേതരത്വം വാക്കുകളിൽ മാത്രമേയുള്ളു. താൻ മുസ്ലിം വിരോധിയോ വർഗീയവാദിയോ അല്ല. മലപ്പുറം ജില്ല ആരുടേയും സാമ്രാജ്യമല്ല. 56 ശതമാനം വരുന്ന മുസ്ലിം സമുദായം 44 ശതമാനം വരുന്ന മറ്റു വിഭാഗങ്ങളെ അവഗണിക്കുന്നിടത്താണ് ജാതി ചിന്ത ഉടലെടുക്കുന്നത്. തന്റെ സമുദായത്തിന്റെ വികാരവും ദുഖവും മനസിലാക്കണമെന്നും ലീഗ് തന്നെയും തന്റെ സമുദായത്തെയും ചതിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

മലപ്പുറം ജില്ല ഒരു പ്രത്യേക രാജ്യം പോലെയാണെന്നും പിന്നോക്ക വിഭാഗങ്ങൾ അവിടെ ജീവിക്കുന്നത് ഭയന്ന് വിറച്ചാണെന്നും ഇന്നലെ വെള്ളാപ്പള്ളി പറഞ്ഞിരുന്നു. സ്വാതന്ത്ര്യത്തിന്റെ ഗുണഫലങ്ങൾ മലപ്പുറത്തെ ശ്രീനാരായണീയർക്ക് ലഭിച്ചിട്ടില്ല.സ്വതന്ത്രവായു ശ്വസിക്കാനോ അഭിപ്രായം പറയാനോ പിന്നോക്കക്കാർക്ക് ഇന്നും അവകാശമില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

Related Articles

Latest Articles