മലപ്പുറം: ജില്ലയിലെ വാണിയമ്പലം പഞ്ചായത്തിലെ ആറാം വാർഡ് സ്ഥാനാർഥിയാണ് ശാന്തി നഗർ കൂറ്റൻ പാറ സ്വദേശിനി ടി.പി. സുൽഫത്ത്. താമര ചിഹ്നത്തിൽ മത്സരിക്കുന്ന ഇവർ ബിജെപിയുടെ സജീവപ്രവർത്തകയാണ്. നരേന്ദ്രമോഡിയോട് ഉള്ള കടുത്ത ആരാധന കാരണമാണ് സുൽഫത്ത് ബിജെപിൽ അംഗമായത് .ബിജെപിക്കും പ്രധാന മന്ത്രി നരേന്ദ്ര മോദിക്കും എതിരെ സി.എ.എ അടക്കം വിവിധ വിഷയങ്ങളിൽ അതി ശക്തമായ പ്രതിഷേധങ്ങൾ ഉയർന്ന ജില്ലയാണ് മലപ്പുറം. എന്നാല്‍ നരേന്ദ്ര മോദിയുടെ നയങ്ങളിലും തീരുമാനങ്ങളിലും ആകൃഷ്ടയായി സുൽഫത്ത് ബിജെപിയിൽ എത്തുകയായിരുന്നു.” നരേന്ദ്ര മോദി തന്നെ ആണ് എന്നെ ബിജെപിയിലേക്ക് എത്തിച്ച പ്രധാന ഘടകം . അദ്ദേഹത്തിൻ്റെ ചിന്ത, നയങ്ങൾ, രീതി ഇതൊക്കെ മറ്റുള്ളവരിൽ നിന്നും തികച്ചും വ്യത്യസ്തം ആണ്. എനിക്ക് ഓർമ്മവച്ച കാലത്തിനു ശേഷം ഇന്ത്യ കണ്ട ഏറ്റവും മികച്ച പ്രധാന മന്ത്രി അദ്ദേഹം തന്നെ ആണ് ” സുൽഫത്ത് പറയുന്നു. മുത്തലാഖ് ബിൽ മുസ്ലീം വനിതകൾക്ക് നൽകിയത് വലിയ ആശ്വാസം ആണ്. ഇനി പെൺകുട്ടികളുടെ വിവാഹപ്രായം കൂടി ഉയർത്തുന്ന നിയമം കൂടി ഏറെ വൈകാതെ യാഥാർഥ്യമാകും. സമുദായത്തിലെ പെൺകുട്ടികൾക്ക് ഇക്കാര്യങ്ങൾ വലിയ അനുഗ്രഹം തന്നെ ആണ്. ഇതെല്ലാം നടപ്പാക്കുന്നത് മോദിജി ആണ് . അദ്ദേഹത്തിൻ്റെ നയങ്ങളിൽ രാജ്യത്തിൻ്റെ നന്മക്ക് വേണ്ടി ഉള്ള ലക്ഷ്യങ്ങൾ ഉണ്ടാകും ” സുൽഫത്ത് കൂട്ടിച്ചേർത്തു.മലപ്പുറത്തിൻ്റെ മതേതര മുഖമായി ദേശീയ തലത്തിൽ തന്നെ തന്നെ ശ്രദ്ധയാകുകയാണ് സുൽഫത്ത്.

