Monday, December 15, 2025

‘മൂഡ് സ്വിങ്ങി’ൽ പേടിച്ച് വിറച്ച് മലയാള സിനിമ; ഇന്നലത്തെ മഴയിൽ കിളിർത്ത ഇത്തിൾക്കണ്ണികൾ മലയാള സിനിമ ഭരിക്കുമ്പോൾ കുത്തുപാളയെടുക്കുന്നത് പാവം നിർമ്മാതാക്കൾ

മലയാള സിനിമയെ ഭയപ്പാടിലാക്കി മൂഡ് സ്വിങ് . തങ്ങൾക്ക് മൂഡ് സ്വിങ്ങുണ്ടെന്ന് പറഞ്ഞ് താരങ്ങൾ അഭിനയിക്കാതെ മാറിനിൽക്കുമ്പോഴും ഇടയ്ക്ക് ഷൂട്ടിങ് പകുതിയാക്കി മടങ്ങുമ്പോഴും നിർമാതാവിന് നഷ്ടം ലക്ഷങ്ങളാണ്.

യുവതാരങ്ങളിൽ ഏറെപ്പേരും മൂഡ് സ്വിങ്ങിന്റെ പേരിലാണ് ഷൂട്ടിങ് സെറ്റുകളിൽ അസ്വസ്ഥത സൃഷ്ടിക്കുന്നത് എന്നാണ് സെറ്റിലെ പ്രവർത്തകർ പറയുന്നത് . മൂഡ് സ്വിങ്ങിനുള്ള മരുന്നെന്ന പേരിലാണ് ലഹരി സെറ്റിലേക്കൊഴുകുന്നതും. മൂഡ് സ്വിങ് ഉണ്ടായാൽ അന്നത്തെ ഷൂട്ടിംഗ് പിന്നെ ഗോവിന്ദ. താരങ്ങൾ പിന്നെ ഫോണെടുക്കില്ല, പ്രൊഡക്ഷൻ കൺട്രോളർ മണിക്കൂറുകളോളം ഹോട്ടലിൽ കാത്തുനിന്നാലും മുറിതുറന്ന് പുറത്ത് വരില്ല. മറ്റുള്ള ആർട്ടിസ്റ്റുകൾക്ക് മേക്കപ്പ് ഇട്ട് സെറ്റിൽ ഇവരെയും കാത്തിരിക്കുകയല്ലാതെ മറ്റ് മാർഗങ്ങളില്ല. പലപ്പോഴും ഷൂട്ടിംഗ് മുടങ്ങുകയാണ് പതിവ്. ഒരു ദിവസം ഷൂട്ടിംഗ് മുടങ്ങിയാൽ ചുരുങ്ങിയത് നാലുലക്ഷം രൂപയോളം നിർമ്മാതാവിന്റെ പോക്കറ്റിൽ നിന്ന് നഷ്ടമാകുന്നത്.

ഒരു വലിയ സംവിധായകന്റെ സൂപ്പർതാര ചിത്രത്തിൽ പോലീസ് വേഷത്തിലഭിനയിക്കാനെത്തിയ യുവതാരത്തിൻറ്‍റെ പ്രവർത്തിയാണ് സെറ്റിലെ മുഴുവൻ പേരെയും ഞെട്ടിച്ചത്. കിടപ്പുമുറിയിൽ പുതപ്പിനടിയിലുള്ള രംഗമായിരുന്നു ചിത്രീകരിക്കേണ്ടത്. തലമാത്രമേ ക്യാമറ ഫ്രെയിമിൽ വരികയുള്ളു. രംഗം ചിത്രീകരിക്കാൻ അടിവസ്ത്രം മാത്രമിട്ടുവന്ന താരത്തെക്കണ്ട് സംവിധായകനുൾപ്പെടെ ഞെട്ടി. കൂടെ അഭിനയിക്കേണ്ട നടിയോട് എല്ലാ വസ്ത്രവും അഴിച്ചുമാറ്റി കട്ടിലിൽ കിടക്കാൻ പറയൂ എന്നായിരുന്നു യുവതാരത്തിന്റെ നിർദേശം. ഇതുകേട്ട് ഭയന്ന നടി സംവിധായകന്റെ പിന്നിലൊളിച്ചു എന്നാണ് സെറ്റിലെ കഥ.

പല താരങ്ങളെയും സംവിധായകർക്കോ നിർമാതാക്കൾക്കോ ഫോണിൽ നേരിട്ട് കിട്ടാറില്ല. അടുപ്പമുള്ള പ്രൊഡക്ഷൻ കൺട്രോളർ വഴി മാത്രമാണ് പലപ്പോഴും ഇവരെ ബന്ധപ്പെടാനാകൂ. ഇതിനെല്ലാം പുറമെ
യുവതാരങ്ങൾക്കൊപ്പം അസിസ്റ്റന്റുമാരായി സെറ്റിലെത്തുന്നത് മൂന്നും നാലും പേരാണ്. പക്ഷേ, ഒരു ചായപോലും നടന് എടുത്തുകൊടുക്കാറില്ല. ഒരാൾക്ക് 1500 രൂപയാണ് ബാറ്റ. നടന് 35 ദിവസം ഷൂട്ട് ഉണ്ടെങ്കിൽ ഒരു പ്രയോജനവുമില്ലാതെ ഇത്തരത്തിൽ നിർമാതാവിന്റെ പോക്കറ്റിൽനിന്ന് ചെലവാകുന്നത് ഒന്നരലക്ഷത്തിലധികം രൂപയാണ്. ഇവരുടെ ഹോട്ടൽ ബില്ലും ഭക്ഷണവും കൂടിയാകുമ്പോൾ നഷ്ടം അഞ്ചുലക്ഷം കടക്കും.

കാരവാനിൽ നിന്നിറങ്ങിയതിനുശേഷം 250 മീറ്റർ അപ്പുറത്തുള്ള ഷൂട്ടിങ് സ്ഥലത്തേക്ക് എത്തിക്കാൻ ഇന്നോവ കാർ വന്നില്ലെന്ന് പറഞ്ഞ് കാരവാനിലേക്ക് തിരിച്ചുകയറിപ്പോയ നടിയുണ്ട്. കൃത്യസമയത്ത് മൂഡ് സ്വിങ്ങിനുള്ള ‘മരുന്ന്’ കിട്ടിയില്ലെങ്കിലുള്ള ഭൂകമ്പം വേറെ. ശെരിക്കും ഇത്തരക്കാരുടെ പിടിയിലായി ജീവശ്വാസം ലഭിക്കാതെ നരകിക്കുകയാണ് ഇന്നത്തെ മലയാള സിനിമ.

Related Articles

Latest Articles