Friday, January 9, 2026

അക്ഷരങ്ങളുടെ ലോകത്തു നിന്നും ഇനി അനശ്വരതയിലേക്ക്, തൃക്കോട്ടൂർ പെരുമ മലയാളസാഹിത്യത്തിനു സമ്മാനിച്ച യു.എ. ഖാദർ ഓർമ്മയായി

കോഴിക്കോട്: പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തുമായ യു.എ. ഖാദർ അന്തരിച്ചു. 85 വയസ്സായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്നു അദ്ദേഹം.ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ശ്വാസകോശ അർബുദത്തെത്തുടർന്ന് ചികിത്സയിലായിരുന്നു.

ബർമയിൽ വഴിയോര കച്ചവടത്തിനു പോയ കെയിലാണ്ടി ഉസ്സങ്ങാൻറകത്ത്​ മൊയ്​തീൻ കുട്ടി ഹാജിയുടെയും ബുദ്ധമതവിശ്വാസിയായ മാമൈദിയുടെയും മകനായി 1935 ജൂലൈ ഒന്നിന് റങ്കൂണിലെ ബില്ലിൻ ഗ്രാമത്തിലായിരുന്നു യു.എ ഖാദർ ജനിച്ചത്​. മൂന്നാം നാൾ വസൂരി ബാധിച്ചു മാതാവ്​ മരണപ്പെട്ടു. രണ്ടാം ലോകയുദ്ധം പൊട്ടിപ്പുറപ്പെട്ട വേളയിൽ ബർമ വിട്ട്​ ഏഴാം വയസ്സിൽ കേരളത്തിലേക്ക്​ പിതാവിനൊപ്പം വന്ന ഖാദറിന്​ മലയാളമറിയില്ലായിരുന്നു. 1953 ൽ കൊയിലാണ്ടി ഗവ. ഹൈസ്​കൂളിൽ നിന്ന്​ പത്താം ക്ലാസ്​ പാസായി. ചിത്രകലയോടായിരുന്നു ആദ്യം താൽപര്യം. തുടർന്ന്​ മദ്രാസ്​ കോളജ്​ ഓഫ്​ ആർട്ട്​സിൽ ചിത്രകല പഠിച്ചു. മദിരാശിക്കാലത്ത്​ കേരള സമാജം സാഹിതീ സഖ്യവുമായി പുലർത്തിയ അടുപ്പം എഴുത്തിന്​ പ്രോത്സാഹനമായി. നോവലുകള്‍, കഥാസമാഹാരങ്ങള്‍, ലേഖനങ്ങള്‍, യാത്രാവിവരണം, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായി എഴുപതോളം കൃതികളുടെ കര്‍ത്താവായ ഖാദറിന്റെ ‘തൃക്കോട്ടൂര്‍ പെരുമ’ മലയാളഭാഷയിലുണ്ടായ ദേശപുരാവൃത്തരചനകളില്‍ പ്രധാനപ്പെട്ടതാണ്. ഖാദറിന്റെ ഈ രചനയോടെ തൃക്കോട്ടൂര്‍ ഐതിഹ്യത്തിന്റെ നാടായി മലയാളിയുടെ ബോധത്തില്‍ സ്ഥിരപ്രതിഷ്ഠനേടി. തൃക്കോട്ടൂര്‍ കഥകള്‍, കൃഷ്ണമണിയിലെ തീനാളം, അഘോരശിവം, വായേ പാതാളം, കലശം, ഖുറൈശിക്കൂട്ടം, പൂമരത്തളിരുകള്‍ എന്നിവയാണ് പ്രധാനരചനകള്‍.

Related Articles

Latest Articles