Tuesday, December 23, 2025

ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം; പൂജാവിളക്കും, മണിയും, ക്ലോക്കും പിന്നെ പണവും ലക്ഷ്യം; പിടികിട്ടാപ്പുള്ളിയെ പൊക്കി പോലീസ്

കോഴിക്കോട്: മലപ്പുറം കോഴിക്കോട് ജില്ലകളിലെ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് കവർച്ച നടത്തുന്നയാളെ ഒടുവില്‍ പൊലീസ് പിടികൂടി. എടവണ്ണപ്പാറ സ്വദേശിയായ ഉണ്ണികൃഷ്ണൻ (51) ആണ് ടൗൺ സബ്ബ് ഇൻസ്പെക്ടർ അബ്ദുൽ സലീമിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിനൊടുവിൽ പിടിയിലായത്. കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡും ടൗൺപോലീസും ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കോഴിക്കോട് രണ്ടാംഗെയ്റ്റിന് സമീപത്തുള്ള വിരട്ടാംകണ്ടി ഭഗവതി ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം പുലർച്ചെ നടന്ന മോഷണ കേസിലാണ് പ്രതി അറസ്റ്റിലായത്. ക്ഷേത്രത്തിലെ മൂന്ന് വിളക്കുകളും പൂജയ്ക്ക് ഉപയോഗിക്കുന്ന മണിയും ക്ളോക്കും ഉൾപ്പെടെയുള്ള സാധനങ്ങളാണ് പ്രതി മോഷ്ടിച്ചത്. സമീപത്തുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണത്തിന്റെ ചുരുളഴിഞ്ഞത്.

കോഴിക്കോട് ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി. ബിജുരാജിൻ്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ടൗൺ പോലീസും സമാനമായ കുറ്റകൃത്യങ്ങളിലേർപ്പെട്ട് ജയിൽ മോചിതരായവരെ കുറിച്ച് അന്വേഷമം നടത്തുകയും മോഷണം നടത്തിയതിന്റെ രീതി ശാസ്ത്രീയമായി അപഗ്രഥിച്ചും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കുടുക്കിലാക്കിയത്.

കോഴിക്കോട് വലിയങ്ങാടി പരിസരത്ത് വച്ച് സബ്ബ് ഇൻസ്പെക്ടർ അബ്ദുൽ സലീമിന്റെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷൻ സീനിയർ സിപിഓ സജേഷ് കുമാർ, സിപിഓമാരായ യു.സി. വിജേഷ്, ടി. ഷിജിത്ത് സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം.ഷാലു, സി.കെ സുജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Related Articles

Latest Articles